ഭാര്യ നിരാശയിലാണെങ്കിൽ സന്തോഷിപ്പിക്കേണ്ട ചുമതല ഭർത്താവിനെന്ന് കോടതി
കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് വെങ്ങൂർ വെസ്റ്റ് വില്ലേജ് പാത്തിക്കൽ എൽദോസിനെ മൂന്നു വർഷം തടവിന് എറണാകുളം അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.ജെ.വിൻസെന്റ് വിധിച്ചു. 25000 രൂപ പിഴയും അടയ്‌ക്കണം. എൽദോസിന്റെ മാതാവും രണ്ടാം പ്രതിയുമായ മറിയാമ്മ, എൽദോസിന്റെ സഹോദരിയും മൂന്നാം പ്രതിയുമായ പെരുമ്പാവൂർ ഇരിങ്ങോൾ തോമ്പ്രയിൽ ജാൻസി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2013 ഫെബ്രുവരി 18നാണ് എൽദോസിന്റെ ഭാര്യ ഷീലയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ഷീലയെ സ്ത്രീധനവും കുടുംബ സ്വത്തും ആവശ്യപ്പെട്ട് എൽദോസും മാതാവും സഹോദരിയും പീഡിപ്പിച്ചെന്നും കടുത്ത ജോലികൾ ചെയ്യിപ്പിച്ചെന്നും മാനസിക വിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. സ്ത്രീധന പീഡന മരണം,ആത്മഹത്യാ പ്രേരണാ എന്നീ വകുപ്പുകളിൽ എൽദോസിനെ വെറുതെ വിട്ട കോടതി ഗാർഹിക പീഡന കുറ്റത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്.
ഭാര്യ നിരാശയിലാണെന്നു മനസിലാവുകയാണെങ്കിൽ അവരെ സന്തോഷിപ്പിക്കേണ്ട ചുമതല ഭർത്താവിനുണ്ടെന്നു വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. നല്ല സമയത്തും മോശം സമയത്തും മരണം വരെ കൂടെ നിൽക്കണമെന്നതാണ് വിവാഹത്തിന്റെ കരാർ. ഭാര്യ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങൾ അനുഭവിക്കുകയാണെങ്കിൽ അവരെ രക്ഷപ്പെടുത്തൽ ഭർത്താവിന്റെ നിയമപരമായ കടമകൂടിയാണ്. ഈ കേസിൽ ഭർത്താവ് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാലാണ് ശിക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.