കൊച്ചി:കൊച്ചി മെട്രോ എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ/ബസ് ഡിപ്പോവരെ നീട്ടുന്ന പദ്ധതിക്ക് അനുമതി ലഭിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് മെട്രോപാത ഫേസ് വൺ ബി ദീർഘിപ്പിക്കുന്നതിനുള്ള ഭരണാനുമതി നൽകിയത്. 356 കോടിയുടെ പദ്ധതിക്കാണ് സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെ.എം.ആർ.എൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്)
സ്വതന്ത്രമായി നിർമാണം നടത്തുന്നുവെന്ന എന്ന പ്രത്യേകതയും പേട്ട-തൃപ്പൂണിത്തുറ പാതയ്ക്കുണ്ട്.

പേട്ട എസ്.എൻ ജംഗ്ഷൻ 1.2 കിലോമീറ്റർ പാതയിൽ രണ്ട് സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ തുടങ്ങി. പുഴയ്ക്ക് മേലെയുള്ള പാലവും മെട്രോയുടെ ഭാഗമായി പുനർനിർമിക്കും. മെട്രോ സ്റ്റേഷനുകളുടെ നിർമാണത്തിന് ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എ.എഫ്.ഡി 189 കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനാകും ഈ പണം വിനിയോഗിക്കുക.
4.75 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ളത്. ഇതിന്റെ നടപടികൾ നടന്നുവരുന്നു. മെട്രോ സ്റ്റേഷനുകൾക്ക് മാത്രമായി രണ്ടേക്കർ സ്ഥലം വേണം. കഴിഞ്ഞ മാസം 31നുള്ളിൽ സ്ഥലമേറ്റെടുത്ത് നൽകുമെന്നാണ് കളക്ടർ പറഞ്ഞിരുന്നതെങ്കിലും സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയിട്ടില്ല. ജൂലായ് ആകും പൈലിംഗ് ജോലികൾ തുടങ്ങാൻ.
അടുത്ത വർഷം അവസാനത്തോടെ ഒന്നാംഘട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പണികൾ പരോഗമിക്കുന്നത്. തൈക്കൂടം വരെ ആഗസ്റ്റിൽ ട്രെയിൻ ഓടും.