കൊച്ചി : തമ്മനം - പുല്ലേപ്പടി റോഡിന്റെ വീതികൂട്ടുന്ന ജോലി ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. കൊച്ചി നഗരസഭ, വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), കേരള റോഡ് ഫണ്ട് എന്നിവരുമായി സഹകരിച്ച് എത്രയും വേഗം പണി പൂർത്തിയാക്കാനാണ് നിർദേശം. രണ്ടു മാസത്തിനകം അടിയന്തരയോഗം വിളിച്ച് പണിപൂർത്തിയാക്കാനുള്ള ഷെഡ്യൂളും ചെലവു കണ്ടെത്താനുള്ള മാർഗവും സർക്കാർ നിശ്ചയിക്കണമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
നഗരത്തിന്റെ കിഴക്കു പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന പുല്ലേപ്പടി - തമ്മനം റോഡിന് വീതികൂട്ടാൻ സർക്കാരും കൊച്ചി കോർപ്പറേഷനും തീരുമാനമെടുത്തിട്ട് വർഷങ്ങളായെങ്കിലും നടപ്പാക്കുന്നില്ലെന്നാരോപിച്ച് എറണാകുളം കടവന്ത്ര സ്വദേശിനി ഡോ. എസ്. പ്രിയരഞ്ജിനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
റോഡ് വീതി കൂട്ടുന്നതിനുള്ള പദ്ധതിയെ സർക്കാർ ജില്ലാ തലത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി ഫണ്ട് കണ്ടെത്താൻ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ അധികസെസും ഏർപ്പെടുത്തി. പദ്ധതി നടപ്പാക്കാൻ മതിയായ തുക സർക്കാരിന് ലഭിച്ചിട്ടും പുല്ലേപ്പടി - തമ്മനം റോഡിന്റെ വീതികൂട്ടുന്ന നടപടി എങ്ങുമെത്തിയില്ലെന്ന് ഹർജിക്കാരി ആരോപിച്ചിരുന്നു. എന്നാൽ സ്ഥലമേറ്റെടുക്കാൻ പണമില്ലാത്തതിനാൽ പൊതുമരാമത്ത് വകുപ്പുമായി സഹകരിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെന്നും എറണാകുളത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത 2017 ജൂലായ് 22 ലെ യോഗത്തിൽ പുല്ലേപ്പടി - തമ്മനം പാലത്തിന്റെ വീതി കൂട്ടുന്ന നടപടികൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയെന്നും കളക്ടർ നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി പറയുന്നു
നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള വിലയേറിയ ഭൂമി പദ്ധതി നടപ്പാക്കാനായി ഭൂവുടമകൾ സൗജന്യമായി വിട്ടുനൽകി. ഇൗ റോഡിനെ ജില്ലാ തലങ്ങളിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് മാത്രമല്ല ഇവയടക്കമുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ പെട്രോൾ - ഡീസൽ ലിറ്ററിന് അധികനികുതിയും ചുമത്തി. ചില റോഡുകളും പാലങ്ങളും നവീകരിച്ച് നഗരത്തിൽ നിന്ന് പുറത്തേക്ക് ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തിരക്കുള്ള സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാൻ കൂടുതൽ റോഡുകൾ നവീകരിക്കണം. റോഡിന്റെ വീതി കൂട്ടുന്നതിന് ഉത്തരവിറക്കിയ സർക്കാരിന് ഇതു പാലിക്കാൻ ബാദ്ധ്യതയുണ്ട്. പദ്ധതിക്ക് പണം കണ്ടെത്താൻ പെട്രോളിനും ഡീസലിനും മേൽ ലിറ്ററിന് ഒരു രൂപ അധിക നികുതി ഏർപ്പെടുത്തിയതിനെ പൊതുജനം അംഗീകരിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ സർക്കാരിന് വാഗ്ദാനത്തിൽ നിന്ന് പിൻമാറാൻ കഴിയില്ല. ഇത്തരമൊരു പദ്ധതിക്കായി സൗജന്യമായി ഭൂമി വിട്ടുനൽകിയിട്ടും നടപടിയില്ലാത്തത് പൊതുഭരണത്തിന്റെ പോരായ്മയാണ്. പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനും ബന്ധപ്പെട്ട മറ്റുള്ളവർക്കും വീഴ്ച സംഭവിക്കുന്നത് കുറ്റകരമായ വാഗ്ദാന ലംഘനമാണ്. പൊതുമരാമത്ത് വകുപ്പ് പദ്ധതി ഏറ്റെടുക്കില്ലെന്ന് കളക്ടർ ചൂണ്ടിക്കാട്ടിയത് വേദനാജനകമാണ്.
പുല്ലേപ്പടി - തമ്മനം റോഡ്
ദൂരം : 3.5 കിലോമീറ്റർ
പദ്ധതി : 22 മീറ്റർ വീതിയിൽ നാലുവരിപ്പാത
ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം : 4.0163 ഹെക്ടർ
ചെലവ് : 263 കോടി രൂപ
94 ഭൂവുടമകൾ 1.1934 ഹെക്ടർ സ്ഥലം സൗജന്യമായി നൽകി.
നാല് വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ 136 കോടി രൂപ വേണം
കിട്ടി ബോധിച്ചത്
സ്ഥലമേറ്റെടുപ്പിന് 2011 ലും 2015 ലും 25 കോടി രൂപ വീതം
2015 ൽ ജില്ലയിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന
പദ്ധതികളിലുൾപ്പെടുത്തി 300 കോടി രൂപയുടെ ഭരണാനുമതി നൽകി.