ഇടപ്പള്ളി : മണ്ണൊലിച്ചുപോയി വിള്ളൽ രൂപപ്പെട്ട വടുതല പാലത്തിനരികിലെ റോഡ് അറ്റകുറ്റപ്പണി നടത്തി ആരു നന്നാക്കുമെന്നതിനെക്കുറിച്ചുള്ള കൊമ്പുകോർക്കൽ തുടരുന്നു. കൊച്ചി കോർപ്പറേഷൻ അധികൃതർ നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പും പൊതുമരാമത്ത് വകുപ്പ് നന്നാക്കണമെന്ന് കോർപ്പറേഷനും വാശിപിടിക്കുന്നതോടെ പാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി.
കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച പൊതുമരാമത്തു വകുപ്പ് അധികൃതർ അറ്റകുറ്റപ്പണികൾ കോർപ്പറേഷൻ നടത്തണമെന്ന നിലപാടെടുത്ത് മടങ്ങുകയായിരുന്നു. എക്‌സിക്യുട്ടീവ് എൻജിനീയർ അടക്കമുള്ള സംഘം ഇന്നലെ പാലത്തിന്റ അവസ്ഥ വിലയിരുത്താൻ വീണ്ടും എത്തിയിരുന്നു. തകർന്ന പാലത്തിലേക്കുള്ള പ്രവേശന റോഡ് കോർപ്പറേഷനാണ് നിർമ്മിച്ചതെന്നു അസിസ്റ്റന്റ് എൻജിനീയർ പി.ജെ. ലിസി പറഞ്ഞു. അതുകൊണ്ടു തകർച്ച അവർ തന്നെ പരിഹരിക്കണം. ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ പാലത്തിന്റെ തൂണിന് ഭീഷണിയാണ്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് അറിയിപ്പ് നൽകുമെന്നും അവർ പറഞ്ഞു.
# നിലപാട് മാറ്റുന്നു
പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ചശേഷം റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ തീരുമാനിച്ചിരുന്നതാണ്. എക്‌സിക്യുട്ടീവ് എൻജിനീയർ അടക്കമുള്ളവരുടെ സന്ദർശനത്തിനു ശേഷമാണ് നിലപാട് മാറ്റിയത്. എന്നാൽ കോർപറേഷനും ശക്തമായ നിലപാടിലേക്ക് നീങ്ങുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികളെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അവർ.
# സ്ഥിതി ഗുരുതരം
അതേസമയം പാലത്തിനോട് ചേർന്നുള്ള റോഡിലെ വിള്ളൽ ഓരോ ദിവസം കഴിയുംതോറും ഗുരുതരമായിക്കൊണ്ടിരിക്കുകയാണ് . ഏതു സമയവും ഗതാഗതം തടസപ്പെടാവുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
# സമരം തുടങ്ങും
പാലത്തിലേക്കുള്ള പ്രവേശന റോഡിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്തു വകുപ്പ് തന്നെ
നടത്തണം. ഇത് കോർപറേഷന്റെ തലയിൽ വച്ചുകെട്ടാൻ നടത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. റോഡിന്റെ
ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും. ശക്തമായ സമരപരിപാടികളും നടത്തും.
ഒ.പി. സുനിൽ,
കൗൺസിലർ.