മൂവാറ്റുപുഴ: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ കല്ലൂർക്കാട് കൃഷിഭവൻ അങ്കണത്തിൽ നടക്കും. സ്‌കൂൾ കുട്ടികൾക്കും കർഷകർക്കും വീട്ടുവളപ്പിൽ കൃഷിചെയ്യുന്നതിനായി നാലരലക്ഷം പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റാണ് വിതരണം ചെയ്യുന്നത്. 10ലക്ഷം പച്ചക്കറിത്തൈകളും വിതരണം ചെയ്യും.

രാവിലെ 9.30ന് രജിസ്‌ട്രേഷൻ, തുടർന്ന് കാർഷിക കർമ്മസേനയ്ക്ക് കാർഷിക ഉപകരണങ്ങൾ എൽദോ എബ്രഹാം എം.എൽ.എ കർമ്മസേന സെക്രട്ടറി ജോൺ.വി.വട്ടക്കുഴിക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. സജിമോൾ സ്വാഗതം പറയും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഏലിയാമ്മ.വി.ജോൺ പദ്ധതി വിശദീകരിക്കും.

പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കും. കാർഷിക സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. എബ്രാഹം മുഖ്യാതിഥിയായിരിക്കും. ഞാറ്റുവേല ചന്തയുടെ ആദ്യവില്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോടും ജൈവകീടനാശിനിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജും കാർഷിക പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോളിയും സ്റ്റാളിലെ ആദ്യവില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബിയും ജീവാണു കുമിൾനാശിനി വിതരണോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി വിൻസന്റും മണ്ണിര വിതരണം ഗ്രാമപഞ്ചായത്ത് എൽ.ആർ.പി ഗ്രേഷ്യസ് അഗസ്റ്റിനും നിർവഹിക്കും. കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി ജൈവകാർഷിക മേളയും പ്രദർശനവും നടക്കും. കൃഷി ഓഫീസർമാരായ ബിജുമോൻ സ്‌കറിയ, കെ.സി.സാജു എന്നിവർ സെമിനാറിന് നേതൃത്വം നൽകും.