ksta

കൊച്ചി: സ്കൂൾ കുട്ടികളുടെ കേന്ദ്ര ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 'ഔദ്യോഗികമായി' ഉപയോഗിക്കുന്നത് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റ്! ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് തയാറാക്കിയ 'മിഡ് ഡേ മീൽ സ്കീം' എന്ന വെബ്സൈറ്റിലാണ് ഈ ഗുരുതര പിഴവ്. www.mdm.nic.in എന്ന കേന്ദ്ര വെബ്സൈറ്റിൽ ഇടതു ഭാഗത്തായി കാണുന്ന സ്റ്റേറ്റ് എന്ന വിൻഡോയിൽ പ്രവേശിച്ച് കേരളം എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുമ്പോഴാണ് കെ.എസ്.ടി.എയുടെ വെബ്സൈറ്റിലേക്ക് തുറക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും തയാറാക്കിയിട്ടുള്ള വെബ്സൈറ്റിലേക്ക് നേരിട്ട് കടക്കാവുന്ന രീതിയിലാണ് കേന്ദ്രസർക്കാർ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതിയിൽ സ്വന്തമായി വെബ്സൈറ്റുള്ള സംസ്ഥാനങ്ങളുടെ വിവരങ്ങളും കേന്ദ്ര സൈറ്റിലുണ്ട്. സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുമ്പോൾ കെ.എസ്.ടി.എ എന്ന സംഘടനയുടെ വെബ്സൈറ്റിലേക്കാണ് പ്രവേശിക്കുക. എന്നാൽ, ഈ സൈറ്റിൽ കേരളത്തിന്റെ ഉച്ചഭക്ഷണ സ്കീമിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട് 2012, 2013 വർഷങ്ങളിലെ ചില ഓർഡറുകളും വൗച്ചർ ഫോമുകളും കാണാനാവും. ശേഷിക്കുന്നതെല്ലാം സംഘടനയുടെ കൊല്ലം ജില്ലാ ആസ്ഥാന അഡ്രസും ഇ- മെയിലും ഫോൺ നമ്പർ സഹിതം സംഘടനയെ കുറിച്ചുള്ള വിവരങ്ങളാണ്.

എന്നാൽ, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://education.kerala.gov.in/ ൽ കേരളത്തിന്റെ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മിഡ് ഡേ മീൽ എന്ന വിഭാഗത്തിലാണ് ഇതുള്ളത്. ഈ സൈറ്റിൽ കേന്ദ്ര പദ്ധതിയുടെ വെബ്സൈറ്റുമായി ലിങ്ക് ഇല്ല.

അന്വേഷിക്കും

മിഡ് ഡേ മീൽ പദ്ധതിയുടെ കേന്ദ്രസർക്കാർ വെബ്സൈറ്റിൽ കെ.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റ് ഉൾപ്പെട്ടതിനെക്കുറിച്ച് അറിയില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും.

ജി.കെ. ഹരികുമാർ,​ കെ.എസ്.ടി.എ കൊല്ലം ജില്ലാ സെക്രട്ടറി