പറവൂർ : പറവൂർ - ചെറായി റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി.അടിക്കടി വാഹനപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് അനധിതൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. താലൂക്ക് വികസന സമിതി യോഗം വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ശരിയാക്കാൻ വലിയ കുഴിയെടുത്തിരുന്നു. കുഴി മൂടിയശേഷം മുകളിൽ ടൈൽ വിരിച്ചിരിക്കുകയാണ്.ഇത് റോഡിലെ ടാർ ലെവലിൽ നിന്നും താഴെയാണ്. ദൂരെ നിന്നു വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കുഴി കാണുക. പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. റോഡും കുഴിയും തമ്മിലുള്ള ഉയര വ്യത്യാസം ശ്രദ്ധയിൽപ്പെട്ടിട്ടും വാട്ടർ അതോറിറ്റിക്കാർ നടപടി സ്വീകരിച്ചില്ല. റോഡിന്റെ സംരക്ഷാചുമതല പൊതുമരാമത്ത് വകുപ്പിനാണ്. അനധികൃത കൈയേറ്റങ്ങളും വഴിയോരകച്ചവടവും വാഹന ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. ഇത്തരത്തിലുള്ളവ സ്വമേധയ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. പതിനഞ്ച് ദിവസമാണ് നോട്ടീസിന്റെ കാലാവധി. ഇതിനു ശേഷം പൊളിച്ചു നീക്കാത്തവ മറ്റൊരു അറിയിപ്പില്ലാതെ പൊളിച്ചു മാറ്റുമെന്നും ഇതിനുള്ള തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.