കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ നഗരവികസനത്തിന്റെ ഭാഗമായി നടക്കുന്ന ശ്രീ ശങ്കര വോക്ക് വേ നടപ്പാത നവീകരണത്തെ ചൊല്ലി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം. നവീകരണ പ്രവർത്തനങ്ങളുടെ നടത്തിപ്പുകാരായ കെൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോളും ഭരണപക്ഷത്തെ മെമ്പർ ബിജു മാണിക്ക മംഗലവുമായി തർക്കമുണ്ടായത്.നടപ്പാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് സി.പി.ഐ മെമ്പറായ ബിജു മാണിക്കമംഗലം പത്രവാർത്ത ഉയർത്തിക്കാണിച്ചു കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്നാണ് കെല്ലിന്റെ എട്ടംഗസംഘം ഗ്രാമ പഞ്ചായത്തിൽ റിവ്യൂ ചർച്ചയ്ക്കായ് എത്തിയത്. പ്രസിഡന്റ് അഡ്വ. കെ തുളസിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, നടപ്പാത നവീകരണം കുറ്റമറ്റ രീതിയിലാണ് നടന്നതെന്ന് വിലയിരുത്തിതി.എന്നാൽ നടപ്പാത നവീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, കെൽ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയെന്നും മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടുടു. വികസനപ്രവർത്തനങ്ങളിൽ അപാകതയുണ്ടെന്നും ക്രമക്കേടുകൾ അന്വേഷിക്കണമെന്നും മെമ്പർ പി .വി. ഷാർളി കെൽ അധികൃതരോട് ആവശ്യപ്പെട്ടു. ക്രമക്കേട് ഉന്നയിക്കപ്പെട്ട നടപ്പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടില്ല. പകരം എൻജിനീയറിങ്, ടെക്നിക് വിഭാഗത്തെക്കൊണ്ട് ഉടനെ തന്നെ അന്വേഷിപ്പിക്കാമെന്ന് ചർച്ചയിൽ തീരുമാനമായി.

സ്വച്ഛ് ഐക്കോൺ പദ്ധതിയുടെ ഭാഗമായി 8. 65 കോടി രൂപ ചെലവിൽ ബിപിസിഎല്ലും, കെല്ലുമായ് സഹകരിച്ചാണ് ഗ്രാമ പഞ്ചായത്ത് ടൗൺ വികസനം നടത്തുന്നത്.