തൃക്കാക്കര കൊച്ചി : രാജ്യത്തെ പ്രമുഖ കൽപിത സർവകലാശാലകളിൽ ഒന്നായ ജെയിൻ യൂണിവേഴ്‌സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബാൾ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് വർഷത്തെ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റി, ബ്ളാസ്റ്റേഴ്സ് അധികൃതർ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കരാർ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയുടെ പിൻവശത്ത് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും. പ്രസന്റിംഗ് സ്‌പോൺസർ എന്നാകും ജെയിൻ യൂണിവേഴ്‌സിറ്റി അറിയപ്പെടുക.
രാഷ്ട്ര നിർമാണത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജെയിൻ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിന് പിന്തുണയും കായികതാരങ്ങൾക്ക് പ്രോത്സാഹനവും നൽകിയിട്ടുണ്ടെന്ന് ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.
അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പങ്കജ് അദ്വാനി, റോഹൻ ബോപ്പണ്ണ, കെ.എൽ. രാഹുൽ, കരുൺ നായർ, അനൂപ് ശ്രീധർ, റോബിൻ ഉത്തപ്പ തുടങ്ങിയവർ യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥികളാണ്. ഐ.എസ്.എല്ലുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതൽ ആവേശോജ്ജ്വലമായ ടൂർണമെന്റിനായി കാത്തിരിക്കുകയാണെന്നും ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.
കളിക്കാരുടെ സമഗ്ര വളർച്ചയാണ് ക്ലബ് എന്ന നിലയിൽ ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ വിരെൻ ഡിസിൽവ പറഞ്ഞു. ഫുട്‌ബാളിനൊപ്പം വിദ്യാഭ്യാസവും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം കളിക്കാർക്ക് ക്ലബ് ഒരുക്കും. സമാനമായ ചിന്താഗതി പുലർത്തുന്ന പങ്കാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിരെൻ ഡിസിൽവ പറഞ്ഞു.
ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, ബ്ളാസ്റ്റേഴ്സ് ഉടമ നിമ്മഗഡ്ഡ പ്രസാദ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.