കൊച്ചി: വിവാഹത്തിന് ചരക്കെടുക്കാൻ പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച നഴ്സിന്റെ അവയവങ്ങൾ ആറു പേർക്കും 71 ാം വയസിൽ ജീവൻ നഷ്ടപ്പെട്ട വീട്ടമ്മയുടെ കരൾ ഒരാൾക്കും പുതുജീവൻ നൽകും. ഇന്നലെ പുലർച്ചെ മസ്തിഷ്കമരണം സംഭവിച്ച ഇരുവരുടെയും അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാർ സ്വമേധയാ തയ്യാറാകുകയായിരുന്നു.
ഇടുക്കി വണ്ടന്മേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ ജോസഫ് ചാക്കോയുടെ മകൾ നിബിയ (25)യുടെ അവയവങ്ങൾ ആറുപേർക്ക് നൽകി. 71 ാം വയസിൽ അവയവദാനമെന്ന അസാധാരണമായ നേട്ടമാണ് ആലുവ ആലങ്ങാട് ചിറയം എട്ടുപറ അല്ലി തങ്കപ്പന്റേത്.
നിബിയയുടെ ഒരു വൃക്കയും ഹൃദയവും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്ക് തുന്നിച്ചേർത്തു. ഒരു വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിലെ രോഗികൾക്ക് നൽകി. കരൾ ആസ്റ്റർ മെഡ്സിറ്റിക്കും നേത്രപടലം ഗിരിധർ കണ്ണാശുപത്രിയ്ക്കും നൽകി.
ഈ മാസം പത്തിന് ആലുവ - പെരുമ്പാവൂർ സ്വകാര്യ റൂട്ടിൽ മാറമ്പിള്ളിയിലായിരുന്നു അപകടം. നിബിയ സഞ്ചരിച്ച കാർ മറ്റൊരു കാർ തട്ടിയതിനെ തുടർന്ന് സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന ജോസഫ് ചാക്കോ തൽക്ഷണം മരിച്ചു. നിബിയയുടെ സഹോദരൻ നിവിൻ ജോസഫ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരി നിലീന, അമ്മ നിർമ്മല എന്നിവരും മറ്റു ബന്ധുക്കളും പിന്നിൽ മറ്റൊരു കാറിലുണ്ടായിരുന്നു.
രാജഗിരിയിൽ നിന്ന് അപകടദിവസം തന്നെ നിബിയയെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഏഴോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. അവയവങ്ങൾ ദാനം ചെയ്യണമെന്ന താല്പര്യം നിബിയയുടെ സഹോദരി നിലീന ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. ആരോമൽ, കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അവയവങ്ങൾ നീക്കിയത്. ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്തേക്ക് കൊണ്ടുപോയ ഹൃദയം 29 കാരനിൽ തുന്നിച്ചേർത്തു.
ബി.എസ്‌സി നഴ്സിംഗ് കഴിഞ്ഞ നിബിയയുടെ വിവാഹം ആഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹത്തിന് വസ്ത്രങ്ങളും മറ്റും വാങ്ങാൻ വരുമ്പോഴായിരുന്നു അപകടം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഒരു വർഷത്തിലേറെ നഴ്സായിരുന്നു. ഐ.ഇ.എൽ.ടി.എസ് കഴിഞ്ഞ് വിദേശത്തേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്ന് സഹോദരി നിലീന കേരളകൗമുദിയോട് പറഞ്ഞു.
ഇന്നു രാവിലെ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ചേറ്റുകുഴിയിലേക്ക് കൊണ്ടുപോകും. സംസ്കാരശുശ്രൂഷകൾ വൈകിട്ട് 4.30 നാരംഭിക്കും. പഴയ കൊച്ചറ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിക്കും.
# അല്ലിയുടേയത് അപൂർവ അവയവമാറ്റം
തലച്ചോറിൽ രക്തസ്രാവം സംഭവിച്ച അല്ലിയുടെ മസ്തിഷ്കമരണം ഇന്നലെ പുലർച്ചെ 5.35 നാണ് സ്ഥിരീകരിച്ചത്. അവയദാനത്തിന് വീട്ടുകാർ സന്നദ്ധത അറയിച്ചു. അറുപത് കഴിഞ്ഞവരുടെ അവയവങ്ങൾ സൂക്ഷ്മപരിശോധന നടത്തിയാണ് സ്വീകരിക്കാറുള്ളത്. കരളും നേത്രപടലവും മാത്രമാണ് മാറ്റിവയ്ക്കാവുന്ന ആരോഗ്യാവസ്ഥയിലുണ്ടായിരുന്നത്. കരൾ പട്ടാമ്പി സ്വദേശിയിൽ തുന്നിച്ചേർത്തു. നേത്രപടലം നേത്ര ബാങ്കിലേക്ക് മാറ്റി. തങ്കപ്പപ്പനാണ് ഭർത്താവ്. മൂന്ന് ആൺമക്കളുണ്ട്. മൃതദേഹം വൈകിട്ട് സംസ്കരിച്ചു.