തൃക്കാക്കര : നഗരസഭ ചെയർപേഴ്‌സൻ ഷീലാ ചാരു ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായുള്ള പരാതിയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ബഹളംവച്ചു. കഴിഞ്ഞ ഒന്ന്, രണ്ട് തീയതികളിൽ ചെയർപേഴ്‌സനും കുടുംബവും ഔദ്യോഗിക വാഹനം ഉപയോഗിച്ച് പഴനിയാത്ര നടത്തിയതായി ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു.
ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം സംബന്ധിച്ച പരാതിയിൽ നടപടി വിശദീകരിക്കണമെന്ന് കൗൺസിൽ ആരംഭിച്ച ഉടൻ പ്രതിപക്ഷ നേതാവ് അഡ്വ. സലിം ആവശ്യപെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി നഗര സഭാ സെക്രട്ടറി പി.എസ്. ഷിബു പറഞ്ഞു. വാഹനത്തിന്റെ ലോഗ്ബുക്ക് അടക്കം പരിശോധിക്കാൻ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി അദ്ദേഹം വിശദീകരിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഭരണപക്ഷം ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലർമാരായ സാബു ഫ്രാൻസിസ്, എം.ടി. ഓമന, മേരി കുര്യൻ, ടി.ടി. ബാബു, റഫീഖ് പൂതേലി, സീന റഹ്മാൻ, സ്മിത സണ്ണി എന്നിവരുടെ നേതൃത്വത്തിൽ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സഭ നടത്തിക്കൊണ്ടുപോവാൻ സാധിക്കാതെ വന്നതോടെ അജണ്ടകൾ മുഴുവൻ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൻ സഭ പിരിച്ചുവിട്ടു. ഇതോടെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും മുതിർന്ന കൗൺസിലർമാർ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി നഗരസഭാ കാവാടത്തിലെത്തി.
സിറ്റി ഗ്യാസ് ബോധവത്കരണ ക്ലാസ് അലങ്കോലമായി
കൗൺസിൽ യോഗം അവസാനിച്ച ശേഷം കൗൺസിൽ ഹാളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ബോധവത്കരണ ക്ലാസ് നടക്കുന്നതിനിടെ പാഞ്ഞെത്തിയ പ്രതിപക്ഷ കൗൺസിലർമാർ ബഹളം വച്ചു. കൗൺസിൽ പിരിച്ചുവിട്ടശേഷം ക്ലാസ് നടത്താൻ ഭരണപക്ഷം ശ്രമിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കൗൺസിൽ പിരിച്ചുവിട്ട ശേഷം യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കാവാടത്തിൽ പ്രതിഷേധം നടത്തുന്നതിനിടെയാണ് ബോധവത്കരണ ക്ലാസ് നടക്കുന്നതായി അറിഞ്ഞത്. തുടർന്ന് ഇവർ ക്ലാസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഭരണപക്ഷ കൗൺസിലർമാർ ബോധവത്കരണ ക്ലാസ് നടത്താൻ ശ്രമിച്ചെങ്കിലും ക്ലാസെടുക്കാൻ വന്നവർ പ്രതിഷേധം ശക്തമായതോടെ പിൻവാങ്ങി.