ഇടപ്പള്ളി : മഴ കനത്തതോടെ ഇടപ്പള്ളി ജംഗ്ഷനിൽ രൂക്ഷമായ വെള്ളക്കെട്ട്. ഗുരുവായൂർ റോഡിൽ പള്ളിക്കു സമീപവും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഭാഗങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ഹോട്ടലുകളിൽ നിന്നുള്ള അഴുക്കു വെള്ളമുൾപ്പെടെ കെട്ടിനിന്നതോടെ നാട്ടുകാർ പരാതികളുമായി രംഗത്തിറങ്ങി. പ്രശ്നം വഷളായതോടെ സ്ഥലം കൗൺസിലർ പി.ജി. രാധാകൃഷ്ണൻ ഇവിടെ നവീകരണജോലികൾ നടത്തിയ കൊച്ചി മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. തുടർന്ന് പതിനൊന്നോടെ കൗൺസിലറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് പള്ളിക്കു സമീപം റോഡിന്റെ മദ്ധ്യഭാഗം കുഴിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞ് പ്രശ്നം പരിഹരിച്ചു. ഇതോടെ പരാതികളുമായി എത്തിയ നാട്ടുകാരും പിൻവാങ്ങി.
കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ജംഗ്ഷനിൽ വിപുലമായ രീതിയിൽ കാനകളൊക്കെ നിർമ്മിച്ചിരുന്നു. എന്നാൽ നടപ്പാതയുടെ അടിയിലൂടെയുള്ള കാനകൾ പലതും ഇപ്പോൾ മൂടപ്പെട്ട നിലയിലാണ്. അതുകൊണ്ടു തന്നെ റോഡിൽ നിറയുന്ന വെള്ളം കാനകളിലേക്കു ഒഴുകിയെത്തുന്നില്ല . ഇതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
# മെട്രോ അധികൃതർ പറയുന്നത്
നവീകരണജോലികൾ പൂർത്തിയാക്കി ചുമതല പൊതുമരാമത്തിനു കൈമാറിയതായി കൊച്ചി മെട്രോ അധികൃതർ പറയുന്നു . കാനകളുടേയും മറ്റും പ്രശ്നങ്ങൾ ഇനി പരിഹരിക്കേണ്ടത് അവരാണ്. നിർമ്മാണത്തിലെ അപാകങ്ങളൊന്നുമല്ല വെള്ളക്കെട്ടിന് കാരണം.