tikkaram-meena

തൃക്കാക്കര : മാതാപിതാക്കളാണ് തന്റെ ഹീറോകളെന്ന് കേരള ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിച്ച 'രാജഗിരി ഇൻ പഴ്‌സ്യൂട്ട് ഒഫ് എക്‌സലൻസ് ലക്ച്ചർ ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്. ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളം സമ്മാനിച്ചത് മികച്ച അനുഭവങ്ങളാണെന്നും മീണ പറഞ്ഞു. 'കേരള ജനതയ്ക്കും പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീകൾക്കും ബിഗ് സല്യൂട്ട്. 5.4 ലക്ഷം കന്നിവോട്ടർമാർ സമ്മതിദാനം രേഖപ്പെടുത്തി. മീണ പറഞ്ഞു.

ജീവിതാനുഭവങ്ങൾ പാഠങ്ങളും വിദ്യാർത്ഥികൾക്ക് മുന്നിൽ അദ്ദേഹം വിശദീകരിച്ചു. കാടിനോട് ചേർന്ന ഗ്രാമത്തിൽ വളർന്നതുകൊണ്ടുതന്നെ എന്തിനെയും നേരിടുന്നതിനുള്ള മനോധൈര്യം ജീവിതം തനിക്ക് തന്നു.

വന്യമൃഗങ്ങളോട് മല്ലടിച്ച് പശുക്കളെ വളർത്തി ഉപജീവനം കണ്ടെത്തേണ്ടി വന്നു. ഉന്നതപഠനം സാധ്യമാക്കി ജീവിതം മെച്ചപ്പെടുത്തണമെന്ന ചിന്തയും അതിലൂടെ വളർത്തി. തോൽവിയിൽനിന്നും പഠിക്കുവാനും ആരെയും ഭയക്കാതെ സത്യത്തിനുവേണ്ടി നിലകൊള്ളുവാനും ജീവിതം പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞു.

കോളേജ് ഡയറക്ടർ ഫാ. ഡോ. മാത്യു വട്ടത്തറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, ഡോ. മനോജ് മാത്യു (കൺട്രോളർ ഒഫ് എക്‌സാമിനേഷൻ) എന്നിവർ സംസാരിച്ചു.