ci

കൊച്ചി: കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ് തന്റെ ഭർത്താവിനെ വ്യക്തിപരമായി അപമാനിച്ചെന്നും കള്ളക്കേസെടുക്കാൻ നിർബന്ധിച്ചെന്നും കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിന്റെ ഭാര്യ ആരിഫ വെളിപ്പെടുത്തി. മുഖം മറച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇവർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

അസിസ്റ്റന്റ് കമ്മിഷണർ വയർലെസിലൂടെ അധിക്ഷേപിച്ചെന്ന് വീട് വിട്ടിറങ്ങുന്നതിന് മുമ്പ് ഭർത്താവ് എന്നോട് പറഞ്ഞിരുന്നു. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും സംശയമുണ്ട്. കാണാതാകുന്നതിന് തലേ രാത്രി വീട്ടിലെത്തിയപ്പോൾ ഭർത്താവ് ഫോണെടുത്തിരുന്നില്ല. ഞാനാണ് വാഹനത്തിൽ നിന്ന് ഫോണെടുത്ത് നൽകിയത്.

പിന്നീട് ഓഫീസിലേക്ക് പോയി പുലർച്ചെ നാലു മണിയോടെയാണ് തിരികെയെത്തിയത്. മുഖത്തെ വിഷമം കണ്ടപ്പോൾ എന്താണെന്ന് ചോദിച്ചു. 'ഒരുപാട് വഴക്ക് കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്'- എന്നായിരുന്നു മറുപടി. കുറച്ചു നേരം കട്ടിലിൽ കിടന്നു. പിന്നീട് ടി.വി ഓണാക്കി അവിടെയിരുന്നു. അതിനുശേഷമാണ് വീട്ടിൽ നിന്നിറങ്ങുകയും യാത്ര പോകുന്നതായി മെസേജ് അയച്ചതും. നേരം പുലർന്നിട്ട് കാര്യങ്ങൾ വിശദമായി ചോദിക്കാമെന്നാണ് വിചാരിച്ചത്.

പൊലീസിൽ എത്തിയ ശേഷം ഒട്ടേറെ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചുനിന്നു. വ്യക്തിപരമായി അപമാനിക്കുക, അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കുക എന്നിവയിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഭർത്താവിനെ കാണാതായപ്പോൾ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. മറുപടി ലഭിക്കാത്തതിനാലാണ് പരാതി നൽകിയത്.

കൊല്ലം കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിലെ സി.സി ടിവി ദൃശ്യങ്ങളിൽ ഭർത്താവിനെ കണ്ടതാണ് ഏക ആശ്വാസം. കേസന്വേഷിക്കുന്ന ഡി.സി.പിയുമായി സംസാരിച്ചു. അവർ ആശ്വസിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞു. കുട്ടികളെ സമാശ്വസിപ്പിക്കാനും നിർദ്ദേശിച്ചു. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം. പൊലീസിന്റെ സഹായം മാത്രമേ മുന്നിലുള്ളൂ. മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടതെന്നും ആരിഫ പറഞ്ഞു.

'എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിനെ എത്രയും വേഗം കണ്ടെത്തും. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചില സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായെന്ന് എനിക്ക് പരാതി ലഭിച്ചിട്ടില്ല".

- ഡി.ജി.പി ലോക്‌നാഥ് ബെഹ്റ