മൂവാറ്റുപുഴ: ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ മൂവാറ്റുപുഴ - കലൂർ റൂട്ടിൽ ചെയിൻ സർവീസിന് ഇന്ന് തുടക്കം. പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട് വഴി കലൂർക്ക് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 15മിനിട്ട് ഇടവിട്ട് ആരംഭിക്കുന്ന ചെയിൻ സർവീസ് രാവിലെ 9 ന് മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ഷൈലജ അശോകൻ, എ.ടി.ഒ കെ.ജി.ജയകുമാർ, ജനറൽ കൺട്രോൾ ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, കെ.എസ്.ആർ.ടി.സി.യിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ജീവനക്കാർ എന്നിവർ പങ്കെടുക്കും.
മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുൾപ്പെടെ നിരവധിയളുകൾ സഞ്ചരിക്കുന്ന ഈ റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിൽ അരമണിക്കൂർ, മുക്കാൽ മണിക്കൂർ ഇടവിട്ടായിരുന്നു ഇതിലൂടെ സർവീസ്. ഇതിൽ ഏതെങ്കിലും ഒരു സർവീസ് മുടങ്ങിയാൽ ബസ് കാത്തുനിൽക്കുന്നവരുടെ അവസ്ഥ ഏറെ കഷ്ടമായിരുന്നു.
മൂവാറ്റുപുഴ ഡിപ്പോയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന സർവീസുകളിലൊന്നാണ് മൂവാറ്റുപുഴ - കാക്കനാട് - കലൂർ ബസ് സർവീസ്.