പറവൂർ പ്രളയാനന്തര പുനർനിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പറവൂരിൽ മൂന്നിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിറ്റി വാട്ടർ പ്യൂരിഫയറുകളുടെ പ്രവർത്തനം ഇന്ന് ആരംഭിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത്, കുറുമ്പതുരുത്ത് എന്നിവിടങ്ങളിലും പുത്തൻവേലിക്കര പഞ്ചായത്തിലെ മിനി കോളനിയിലുമാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. “പുനർജനി – പറവൂരിന് പുതുജീവന്‍” പദ്ധതിയുടെ പങ്കാളിയായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്ലാന്റുകൾ സ്ഥാപിച്ചത്. മൂന്ന് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പ്ളാന്റിൽ നിന്നും പ്രതിദിനം രണ്ടായിരം ലിറ്റർ കുടിവെള്ളം ലഭിക്കും. യുറെക്കാ ഹോംസ് എന്ന കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പ്ളാന്റുകളുടെ പ്രവർത്തനം.