കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മിച്ച കാലത്ത് പൊതുമരാമത്ത് വകുപ്പുമന്ത്രിയും റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നിർമ്മാണത്തിലെ അഴിമതി പുറത്തു കൊണ്ടുവരാൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.

മുൻ യു.ഡി.എഫ് സർക്കാർ സ്പീഡ് കേരള പദ്ധതിയിൽ നിർമ്മിച്ച ഫ്‌ളൈ ഓവർ തകർന്നതിന് ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് ഇബ്രാഹിംകുഞ്ഞും യു.ഡി.എഫ് നേതൃത്വവും ശ്രമിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ദേശീയപാതയിൽ പാലം നിർമ്മിക്കേണ്ടത്.

പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടെൻഡർ ചെയ്യേണ്ടത് ഒഴിവാക്കി ആർ.ബി.ഡി.സി.കെയെ ഏല്പിച്ചു. ടെൻഡർ ഒഴിവാക്കി ഡൽഹി കമ്പനിക്ക് നിർമ്മാണം നൽകിയതും മേൽനോട്ടം നടത്താതിരുന്നതും അഴിമതിയ്ക്കു വേണ്ടിയായിരുന്നു. ഭരണാനുമതി കൊടുത്ത ഉത്തരവാദിത്തം മാത്രമാണ് മന്ത്രിക്കുള്ളതെന്ന ഇബ്രാഹിംകുഞ്ഞിന്റെ വാദം ശരിയല്ലെന്ന് യോഗം പറഞ്ഞു.
സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ തുടങ്ങിയവർ സംസാരിച്ചു.