കൊച്ചി: മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വയർലസ് സെറ്റിലൂടെ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ എറണാകുളം സെൻട്രൽ സ്‌റ്റേഷൻ സി.ഐ വി.എസ്. നവാസിനെ രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. സംസ്ഥാനമൊട്ടാകെ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു വിവരവുമില്ല.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേയ്‌ക് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘത്തെ വിപുലപ്പെടുത്തി. അതേസമയം, അസി. കമ്മിഷണർ പി.എസ്. സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നവാസിന്റെ ഭാര്യ ആരീഫ രംഗത്തെത്തി.
വ്യാഴാഴ്ച പുലർച്ചെയാണ് തേവരയിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നിറങ്ങിയത്. തേവര ജംഗ്‌ഷനിലെ യൂണിയൻ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു. രാവിലെ എട്ടോടെ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി ബിൽ ബസിൽ യാത്ര ചെയ്യുന്നത് വിജിലൻസിലെ സിവിൽ പൊലീസ് ഓഫീസറായ മുജീബിന്റെ ശ്രദ്ധയിൽപ്പെട്ടു. നവാസ് വീടുവിട്ടതാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. എങ്ങോട്ടാണ് സാറേയെന്ന് ചോദിച്ചപ്പോൾ കായംകുളം കോടതിയിലേക്കെന്നായിരുന്നു മറുപടി. കൊല്ലം ഭാഗത്തേക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസ് ജീപ്പിൽ പോകുകയായിരുന്നു മുജീബ്. നവാസിനെ വാഹനത്തിൽ കയറ്റി കായംകുളം കോടതിക്ക് മുന്നിലിറക്കി. തിരികെ വരുമ്പോൾ വിളിക്കാമെന്നും മുജീബ് അറിയിച്ചു. ഉച്ചയ്‌ക്ക് ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സെൻട്രൽ സ്‌റ്റേഷനിൽ ബന്ധപ്പെട്ടേപ്പോഴാണ് നവാസിനെ കാണാതായതറിഞ്ഞത്.
കായംകുളത്തു നിന്ന് നവാസ് കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ബസിന്റെ കണ്ടക്‌ടറെ കണ്ടെത്തി മൊഴിയെടുത്തപ്പോൾ നവാസ് കൊല്ലത്തിറങ്ങിയെന്ന് വ്യക്തമായി. പിന്നീട് എങ്ങോട്ട് പോയെന്ന് കണ്ടെത്താനാകാതെ നിൽക്കുകയാണ് അന്വേഷണസംഘം.
ചെറിയ കറുത്ത ബാഗാണ് കൈയിലുള്ളത്. അടിവസ്ത‌്രമല്ലാതെ വീട്ടിൽ നിന്ന് മറ്റൊരു വസ്‌ത്രവും എടുത്തിട്ടില്ല. പുതിയവ വാങ്ങാനാണ് ബാഗ് കരുതിയതെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ് പൊലീസ്. ഇന്നലെ ഒരു തവണ പോലും നവാസ് മൊബൈൽ ഫോൺ ഓണാക്കിയില്ലെന്ന് സൈബർ പൊലീസും പറഞ്ഞു.
ചുമട്ടു തൊഴിലിൽ നിന്ന് സേനയിലെത്തി
കർക്കശക്കാരനായ ഉദ്യോഗസ്ഥൻ. അഴിമതിക്കെതിരെ എന്നും മുന്നിൽ. നിറമുള്ള ജീവിതമായിരുന്നില്ല കുട്ടിക്കാലത്ത്. ദരിദ്ര കുടുംബത്തിന് ഒരു ദിവസത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടേണ്ടി വന്നു. കോളേജിൽ പഠിക്കുന്നതിനിടെ ആലപ്പുഴ കുത്തിയതോട് ചന്തയിൽ അരിച്ചാക്ക് ചുമന്നിരുന്ന നവാസിനെ പലർക്കും അറിയാം. പാരലൽ കോളേജിൽ അദ്ധ്യാപകനുമായി. സേനയിൽ എത്തിയപ്പോൾ കൈക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു. മക്കളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോൾ പലരിൽ നിന്നും കടം വാങ്ങും. ശമ്പളം ലഭിക്കുമ്പോൾ മടക്കി നൽകും. വഴിവിട്ട ശുപാർശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്‌ജ് ഒഫ് ബഹുമതിയും ലഭിച്ചു. ചില കേസുകൾ രജിസ്‌റ്റർ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനാൽ നവാസ് സെൻട്രൽ സ്‌റ്റേഷനിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
ആരോപണ വിധേയനായ അസി. കമ്മിഷണർ പി.എസ് സുരേഷിനും നവാസിനും ദിവസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റമുണ്ടായിരുന്നു. വീണ്ടും നവാസിന്റെ മേലുദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷിന്റെ വരവ്. സുരേഷ് മട്ടാഞ്ചേരി അസി.കമ്മിഷണറും നവാസ് സി.ഐയും. ഇരുവരും ഇന്ന് ചുമതലയേൽക്കേണ്ടതാണ്.