puzhayoram
വഴിവിളക്കുകളുടെ മിഴികളടഞ്ഞ മൂവാറ്റുപുഴയിലെ പുഴയോര നടപ്പാത

മൂവാറ്റുപുഴ: ടൂറിസം വികസനം ലക്ഷ്യമാക്കി നിർമ്മിച്ച പുഴയോര നടപ്പാത അധികാരികളുടെ അവഗണനകാരണം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. നടപ്പാതയിലെ ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. പാതയിൽ വിരിച്ചിരുന്ന ടൈലുകളും പലേടത്തും ഇടിഞ്ഞ് തകർന്നു.പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു . കുളിക്കടവിലേക്കുള്ള ടൈൽസുകൾ പപൊട്ടിപ്പൊളിഞ്ഞു. നടപ്പാതയുടെ ഇരുവശങ്ങളിലും കാടുകൾ കയറിയും പാതകളിൽ കരിയിലകളും മരക്കൊമ്പുകൾ വീണും വൃത്തിഹീനമായിക്കിടക്കുന്നു. പാതയോരത്തെ വഴിവിളക്കുകളിലെ ചില്ലുകൾ തകർന്ന നിലയിലാണ്. കോടികൾ മുടക്കി യാഥാർത്ഥ്യമാക്കിയ നടപ്പാതയുടെ ദു:സ്ഥിതിയാണിത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. നടപ്പാത സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം കൂടിയ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു.

സന്ധ്യയായാൽ നടപ്പാത ഇരുട്ടിൽ

നാട്ടുകാരടക്കം നിരവധി പേർ സഞ്ചരിക്കുന്നതും പ്രഭാത, സായാഹ്നസവാരിക്കെത്തുന്നതുമായ നടപ്പാത സന്ധ്യ കഴിയുന്നതോടെ ഇരുട്ടിലാകും. അമ്പതോളം ലൈറ്റുകളാണ് ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള നടപ്പാതയിലുള്ളത്. വെളിച്ചമില്ലാതായതോടെ സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കിയിരിക്കുന്നു. ഇതിനു പുറമെ ഇഴജന്തുക്കളുടെ ശല്യവും. വഴിവിളക്കുകൾ തെളിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും മുനിസിപ്പൽ അധികാരികൾക്ക് അനക്കമില്ല.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

ഇടുക്കി ജില്ലയിലെ മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടക്കം കുറിച്ചതാണ് പുഴയോര നടപ്പാത . മൂവാറ്റുപുഴ ആറിന്റ സൗന്ദര്യം ആസ്വദിച്ചുള്ള സവാരിക്കും മറ്റും നിരവധി പേർ എത്തുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ്‌ നടപ്പാത നിർമിച്ചത്. അറ്റകുറ്റപ്പണിയും ശുചീകരണവുമടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം നഗരസഭയ്ക്കാണ് നൽകിയിരിക്കുന്നത്. കാളിയാർ തൊടുപുഴ ആറുകൾ സംഗമിക്കുന്ന മൂവാറ്റുപുഴയാറിലെ ത്രിവേണിസംഗമം മുതൽ ലതാപാലം വരെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നടപ്പാത നിർമ്മിച്ചത്. പുഴയുടെ സൗന്ദര്യാസ്വാദനം, പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രണ്ടാംഘട്ടത്തിൽ കച്ചേരിത്താഴം പുതിയപാലം വരെ നീളുന്ന മറ്റൊരുനടപ്പാത പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കഫേ, പാർക്ക്, ബോട്ട് സർവീസ് എന്നിവ ഉൾപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം എന്ന് യാഥാർത്ഥ്യമാകും. ആർക്കറിയാം.