കൊച്ചി : തമ്മനം - പുല്ലേപ്പടി റോഡിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. 19 വർഷം മുമ്പ് അന്നത്തെ ജി.സി.ഡി.എ ചെയർമാനായ കെ. ബാലചന്ദ്രനും മേയർ സോമസുന്ദരപ്പണിക്കരും മുന്നിട്ടിറങ്ങിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇരു നേതാക്കളും ഓരോ വീട്ടിലും കടയിലും കയറിയിറങ്ങി പദ്ധതിക്ക് വേണ്ടി സ്ഥലം നൽകണമെന്ന് ഉടമകളോട് അഭ്യർത്ഥിച്ചു. റോഡ് വന്നാലുണ്ടാകുന്ന വികസനത്തെക്കുറിച്ച് വിശദീകരിച്ചു. ഭരണാധികാരികളുടെ വാക്കുകൾ വിശ്വസിച്ച് നിരവധിപേർ ഭൂമി സൗജന്യമായി നൽകി. ഒന്നര ഏക്കർ സ്ഥലം വെറുതെ നൽകാൻ സന്മനസ് കാട്ടിയവരും കൂട്ടത്തിലുണ്ട്. 40 ശതമാനം സ്ഥലവും ഏറ്റെടുത്തിട്ടും എങ്ങുമെത്താത്ത തമ്മനം - പുല്ലേപ്പടി റോഡ് വികസനത്തിന് ഇനി ഹൈക്കോടതി ഉത്തരവിലാണ് നഗരവാസികളുടെ പ്രതീക്ഷ.
# പുനരധിവാസത്തിൽ കുരുങ്ങി
സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന കാലതാമസമാണ് പദ്ധതി ഇത്ര വൈകിപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ നിയമങ്ങൾ കർക്കശമായതും തിരിച്ചടിയായി. ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷന് നിർവാഹമില്ലാതെയായി. ഭൂമി ഏറ്റെടുക്കുന്നവരുടെ പുനരധിവാസത്തിനായി മുൻ യു.ഡി.എഫ് സർക്കാർ 25 കോടി രൂപ അനുവദിച്ചിട്ടും ഫണ്ട് തികഞ്ഞില്ല. റോഡ് വികസനം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. തമ്മനം - പുല്ലേപ്പടി റോഡിനായി സംസ്ഥാന ബഡ്‌ജറ്റിൽ നൂറു കോടി രൂപ വകയിരുത്തിയതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുണ്ടായില്ല.
# സർക്കാരിന്റെ കടമയെന്ന് കോർപ്പറേഷൻ
പദ്ധതിക്ക് വേണ്ടി 90 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായതായി ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് പറഞ്ഞു. കതൃക്കടവ്- സ്റ്റേഡിയം റോഡിലെ ഏഴ് പ്ളോട്ടുകളാണ് ഇനി അവശേഷിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പ്രവൃത്തികൾക്ക് 250 കോടി രൂപ ഇനിയും ആവശ്യമുണ്ട്. ഇക്കാര്യത്തിൽ പരിഹാരം കാണേണ്ടത് സർക്കാരാണ്. റോഡ് വീതി കൂട്ടുന്നതിന് മുന്നോടിയായി കതൃക്കടവ് - സ്റ്റേഡിയം പാതയിലെ മരങ്ങൾ വെട്ടാൻ കരാർ നൽകിക്കഴിഞ്ഞു. കഴിയുന്നത്ര വേഗത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കും.
# സഹായിക്കാൻ തയ്യാർ: ജി.സി.ഡി.എ
തമ്മനം - പുല്ലേപ്പടി റോഡിന്റെ വീതികൂട്ടുന്നതിൽ ജി.സി.ഡി.എ കക്ഷിയല്ലെങ്കിലും ഏതു സഹായവും ചെയ്യാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ. വി.എ. സലിം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനോ തുടർനടപടികൾ സ്വീകരിക്കുന്നതിനോ ചുമതലകൾ നിർവഹിക്കാൻ തയ്യാറാണ്. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഇതുവരെ തങ്ങളുടെ സഹായം തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.