matermetro
വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി ടെർമിനലിന്റെ രൂപരേഖ

# ആദ്യബോട്ട് സർവീസ് ഒക്ടോബറിൽ

കൊച്ചി : കൊച്ചിയുടെ വിനോദസഞ്ചാരമേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന ജലമെട്രോയ്ക്ക് ശുഭവാർത്ത. ജർമ്മൻ ധനകാര്യ ഏജൻസിയിൽ നിന്ന് വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയതോടെ കൊച്ചി ജല മെട്രോയുടെ ടെർമിനലുകളുടെ നിർമ്മാണം വേഗത്തിലാകും. മന്ത്രിസഭാ യോഗമാണ് വായ്പ വാങ്ങാൻ അനുമതി നൽകിയത്.

കൊച്ചി നഗരത്തിലെ വിവിധ ഗതാഗത മാർഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സംയോജിത ഗതാഗത സംവിധാനം പദ്ധതിയുടെ ഭാഗമായാണ് ജല മെട്രോ നടപ്പാക്കുന്നത്. കെ.എഫ്.ഡബ്ളിയു എന്ന ജർമ്മൻ ധനകാര്യ ഏജൻസിയാണ് പദ്ധതിക്ക് ആവശ്യമായ തുക വായ്പയായി അനുവദിക്കുന്നത്. ഏജൻസിയും പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം തയ്യാറാക്കിയ കരാറും ധനസഹായ കരാറുമാണ് മന്ത്രിസഭ അംഗീകരിച്ചത്.

കൊച്ചിയിൽ നിലവിലുള്ള ജലഗതാഗതം ഏകീകരിച്ചും നവീകരിച്ചും ശീതീകരിച്ച ആധുനിക ബോട്ടുകൾ യാത്രയ്ക്ക് ഒരുക്കുകയാണ് പദ്ധതി. കൂടുതൽ വേഗതയും സൗകര്യങ്ങളുമുള്ള ബോട്ടുകൾ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഈവർഷം ഒക്ടോബറിൽ ആദ്യബോട്ട് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.

# പരിസ്ഥിതിയോട് ചേർന്നുനിൽക്കും

തീരവാസികളെയും മത്സ്യബന്ധനത്തെയും ബാധിക്കാതെ പരിസ്ഥിതി സൗഹൃദ ടെർമിനലുകളാണ് നിർമ്മിക്കുന്നത്. കാക്കനാട് ചിറ്റേത്തുകര മുതൽ വൈറ്റില ഹബ്, ഫോർട്ടുകൊച്ചി, എറണാകുളം, ബോൾഗാട്ടി, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലായാണ് ‌ടെർമിനലുകൾ നിർമ്മിക്കുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ ഓഷ്യാനിക് എൻജിനിയറിംഗ് വകുപ്പ് പഠനം നടത്തിയാണ് ചീനവലകളെയും മത്സ്യബന്ധനത്തെയും ബാധിക്കാതെ ടെർമിനലുകൾ നിർമ്മിക്കാൻ ഉപദേശം നൽകിയത്. യാത്രാസുരക്ഷ, കാറ്റിന്റെയും തിരമാലകളുടെുയം ശക്തി, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പദ്ധതിക്ക് ശുപാർശകൾ തയ്യാറാക്കിയത്. പ്രദേശത്തെ മത്സ്യത്താഴിലാളികൾ, ചീനവല ഉടമകൾ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.

# വിനോദ സഞ്ചാരികളെ ആകർഷിക്കും

വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന സൗകര്യങ്ങളോടെയാണ് ടെർമിനലുകൾ നിർമ്മിക്കുന്നത്. ആഡംബരസൗകര്യങ്ങളുള്ള ബോട്ടുകളിൽ നഗരത്തോട് ചേർന്ന കായലുകളിലൂടെ യാത്ര ചെയ്യാനും കഴിയുന്നത് സഞ്ചാരികളെ ആകർഷിക്കുമെന്ന് മെട്രോ അധികൃതർ പറഞ്ഞു. ടെർമിനലുകൾ നിർമ്മിക്കുന്ന പ്രദേശത്തിന്റെ വികസനത്തിനും സഹായകമാകും.

ചെലവ് : 819 കോടി രൂപ

ടെർമിനലുകൾ : 19