കൊച്ചി : അ‌ടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞ സ്കൂളുകളിൽ പ്ളസ് വൺ ക്ളാസുകളിൽ 20 ശതമാനം അധികസീറ്റ് അനുവദിച്ചത് പഠനത്തെ ബാധിക്കുമെന്ന് ആശങ്ക. ആവശ്യക്കാരേറെയുള്ള വിഷയങ്ങളിൽ പുതിയ ബാച്ച് അനുവദിക്കുന്നതാണ് ഉചിതമെന്ന് അദ്ധ്യാപകർ പറയുന്നു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആവശ്യനുസരണം 20 ശതമാനം വരെ സീറ്റ് അനുവദിക്കാനാണ് ഹയർ സെക്കൻഡറി വകുപ്പ് തീരുമാനിച്ചത്. പത്താം ക്ളാസിൽ കൂടുതൽ വിജയമുണ്ടായ സാഹചര്യത്തിലാണിത്. സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ വിദ്യാർത്ഥികളുടെ എണ്ണം കൂട്ടുന്നത് പഠനത്തെ സാരമായി ബാധിക്കുമെന്നാണ് ആക്ഷേപം.

ഓരോ വിഷയങ്ങൾക്കും ഒരു ബാച്ചിൽ 35 മുതൽ 50 വരെ വിദ്യാർത്ഥികളാണ് സാധാരണ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പലതിനും അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. അവിടേയ്ക്കാണ് കൂടുതൽ വിദ്യാർത്ഥികൾ വരുന്നത്. ഇരിപ്പിടം ഉൾപ്പെടെ പങ്കുവയ്ക്കേണ്ടിവരും. ഇത് പഠനത്തെ ബാധിക്കുമെന്ന് അദ്ധ്യാപകർ പറയുന്നു.

പല സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലാബോറട്ടറി സൗകര്യങ്ങളില്ല. ഫിസിക്സ്, ബയോളജി വിഷയങ്ങളിലാണ് സൗകര്യങ്ങൾ കുറവ്. ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സ്കൂളുകൾക്ക് വിഷമമാണ്. അദ്ധ്യാപക രക്ഷാ കർതൃ സമിതികൾ സജീവമായ സ്ഥലങ്ങളിൽ അവരുടെ സഹായത്തോടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. എല്ലായിടത്തും ഇത് പ്രായോഗികമല്ല. എയ്ഡഡ് സ്കൂളുകളെയും ഇത്തരം പ്രശ്നങ്ങൾ ബാധിക്കുമെന്ന് സ്കൂൾ അധികൃതർ പറയുന്നു.

# ഉചിതം പുതിയ ബാച്ചുകൾ

സർക്കാർ മേഖലയിലാണ് മുമ്പ് അധികം കുട്ടികളെ അനുവദിച്ചിരുന്നത്. ഇക്കുറി എയ്ഡഡ് മേഖലയ്ക്കും കിട്ടി. മുഴുവൻ സ്കൂളുകൾക്ക് പകരം സീറ്റിന് ആവശ്യക്കാരുള്ളിടത്തു മാത്രം അധികം സീറ്റുകൾ അനുവദിക്കുകയായിരുന്നു അഭികാമ്യമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഏറ്റവുമധികം വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രം പുതിയ ബാച്ച് അനുവദിക്കണമെന്ന ആവശ്യവും അദ്ധ്യാപക സംഘടനകൾ ഉന്നയിച്ചിരുന്നു. അദ്ധ്യാപകരും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്കൂളുകളെ അതിനായി തിരഞ്ഞെടുക്കുകയാണ് നല്ലതെന്ന് അദ്ധ്യാപകനായ അഭിലാഷ് പറഞ്ഞു.

# പരമാവധി പേർക്ക് സൗകര്യമെരുക്കാൻ

പത്തിൽ കൂടുതൽ പേർ വിജയിച്ച സാഹചര്യത്തിലാണ് അധികം കുട്ടികളെ അനുവദിക്കുന്നതെന്ന് ഹയർ സെക്കൻഡറി വകുപ്പ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരവരുടെ സമീപപ്രദേശങ്ങളിൽ തന്നെ പഠനസൗകര്യം ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു.