കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ജൂൺ 17ന് കളമശേരി ഗവൺമെന്റ് വനിതാ പോളിടെക്‌നിക്കിലും 19 ന് പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിലും 20 ന് കാലടി ആദി ശങ്കര എൻജിനീയറിംഗ് കോളേജിലും 21ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളിലുമാണ് ബോധവത്ക്കരണ പരിപാടികൾ.

യോഗാ പരിശീലനം, യോഗയെ കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയ്ക്കു പുറമേ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമാ ഡിവിഷൻ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. ഒരാഴ്ച നീളുന്ന പരിപാടികളുടെ സമാപനം രാജ്യാന്തര യോഗാ ദിനമായ ജൂൺ 21ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ നടക്കും. ആയുഷ് വകുപ്പ്, എൻ.എസ്.എസ് യൂണിറ്റുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ .