ആലുവ: നിശാപാർട്ടികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകളുമായി പിടിയിൽ. ആലുവ കുട്ടമശേരിയിൽ വാടകക്ക് താമസിക്കുന്ന ഈരാറ്റുപേട്ട തടയ്ക്കൽ പള്ളിത്താഴ വീട്ടിൽ കുരുവി അഷ്രു എന്ന് വിളിക്കുന്ന സക്കീർ ബഷീറിനെയാണ് (33)എക്സൈസ് സംഘം കുട്ടമശേരിയിൽ നിന്നും പിടികൂടിയത്. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെബ്യൂട്ടി പാർലർകേന്ദ്രീകരിച്ചായിരുന്നു ഇയാളുടെപ്രവർത്തനം. സക്കീറിന്റെ സഹാായികളെ നേരത്തെ ആലുവ റേഞ്ച് എക്‌സൈസ് ടീം കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യ വിവരമനുസരിച്ച് ഷാഡോ ടീം കുട്ടമശേരിക്കടുത്ത് വച്ച് ഇയാളുടെ കാർ തടഞ്ഞു. ഇറങ്ങിയോടിയ ഇയാളെ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കാറിൽ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയിൽ, 95 അൽപ്രസോളം മയക്ക് മരുന്ന് ഗുളികകൾ, 35 നൈട്രോസെപാം ഗുളികകൾ എന്നിവയുംപിടിച്ചെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷാണ് പിടിച്ചെടുത്തത്. . ഹിമാചൽപ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ എത്തിക്കുന്നത്. മായം ചേർക്കാത്ത മയക്കുമരുന്നായതിനാൽ ആവശ്യക്കാർഏറെയാണ്. മുൻകൂർഓർഡർ അനുസരിച്ചാണ് നിശാപാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. കാൻസർ രോഗികൾക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നാണ് അൽപ്രസോളം. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാൽ തളർച്ചയ്ക്കുംജീവഹാനിക്കുംവരെ സാദ്ധ്യതയുണ്ട്. മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്നതാണ് നൈട്രോസെപാം ഗുളികകൾ.
.മൈസൂരിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നത്. സുഹൃത്തായ ഇറാനിയൻ സ്വദേശി വഴിയാണ് കുളു, മണാലി എന്നിവിടങ്ങളിൽ നിന്ന് ഹാഷിഷ് ഓയിൽ വാങ്ങുന്നത്. മയക്കുമരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി ഭീകരഗ്രൂപ്പുകൾ ഉപയോഗിക്കുന്ന ടെലിഗ്രാം മെസഞ്ചർ ആപ്പ് വഴിയാണ് സന്ദേശങ്ങൾകൈമാറിയിരുന്നത് .
പുതുമുഖങ്ങളെ മയക്ക് മരുന്നുകൾ ഉപയോഗിക്കാനും ഇയാൾ പഠിപ്പിച്ചിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. അൽപ്രാസോളം മയക്കുമരുന്ന് ഗുളിക കഴിച്ചതിന് ശേഷം ഹാഷിഷ് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ 24 മണിക്കൂർ ഉന്മാദം നിലനിൽക്കുമെന്ന് ഇയാൾ ഉപദേശിക്കാറുണ്ട് . 'കിളി പോയി' എന്നാണ് ഇൗഅവസ്ഥയെവിശേഷിപ്പിക്കുന്നത് . ആലുവ കോടതി പ്രതിയെ റിമാന്റ് ചെയ്തു.
ഹാഷിഷ് ഓയിൽ 100 ഗ്രാം വരെ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്നകുറ്റമാണ്., ഒരു കിലോയ്ക്ക് മേലെ കൈവശം വെച്ചാൽ 20 വർഷം വരെ കഠിന തടവ് ലഭിക്കാം. അൽപ്രാസോളം മയക്ക് മരുന്ന് ഗുളികകൾ 50 എണ്ണം വരെ കൈവശം വച്ചാൽ 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാം.
ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ഇയാൾ മയക്കുമരുന്ന് വിപണനം നടത്തിയിരുന്നതെന്ന് ഇൻസ്പക്ടർ ടി.കെ. ഗോപി അറിയിച്ചു. ഇയാൾക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. ഇത് ആദ്യമായാണ് കേരള ത്തിൽ ഇത്രയുമധികം അൽപ്രോസോളം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുക്കുന്നത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഇത്തരം മയക്കുമരുന്നുകൾ മെഡിക്കൽ സ്റ്റോറുകാർ ദുരുപയോഗം ചെയ്യുന്നതായി പ്രതിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കൽ ഷോപ്പുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ചന്ദ്രപാലന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ മൺസൂൺ' എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട് .