കൊച്ചി: ചരക്ക് സേവന നികുതി നിയമം ലഘൂകരിക്കണമെന്ന് കൊച്ചിയിൽ നടന്ന ജി.എസ്.ടി സെമിനാറിൽ അഭിപ്രായമുയർന്നു. നിലവിലെ സംവിധാനത്തിലെ സാങ്കേതിക പാളിച്ചകൾ തിരുത്തണം. ചരക്കു സേവന നികുതിയിലെ നിലവിലെ നടപടിക്രമങ്ങൾ ആശയക്കുഴപ്പവും ചെറുകിട ബിസിനസുകാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയുമാണ്. മാസംതോറുമുള്ള റിട്ടേൺ സമർപ്പിക്കുന്നതിൽ പോലും ആശയക്കുഴപ്പം നിലനിൽക്കുന്നതായി സെമിനാർ അഭിപ്രായപ്പെട്ടു. ഓൺലൈൻ സംവിധാനങ്ങളിൽ അപ്‌ഡേഷൻ വേണം.
ചരക്ക് സേവന നികുതിയെ സ്വാഗതം ചെയ്യുന്നതായും അതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഐ.സി.എ.ഐ ഭാരവാഹികൾ പറഞ്ഞു. നികുതികൾക്ക് ഏകീകൃത സ്വഭാവം ഉണ്ടാകുന്നത് വ്യാപാര മേഖലയ്ക്ക് ഗുണപരമാണെങ്കിലും ജി.എസ്.ടിയിലെ നടപടിക്രമങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ തന്നെയാണെന്ന് സെമിനാർ വിലയിരുത്തി. എം.പിയും ഐ.സി.എ.ഐ മുൻ പ്രസിഡന്റുമായ എൻ.ഡി. ഗുപ്ത, സുനിൽ ഗാഭാവല്ല, മോഹൻ ആർ.ലവി എന്നിവർ വിവിധ സെഷനുകളിൽ ക്ളാസ് നയിച്ചു. ബാബു എബ്രഹാം കള്ളിവയലിൽ, പി.ആർ ശ്രീനിവാസൻ, രഞ്ജിത്ത്.ആർ.വാര്യർ തുടങ്ങിയവർ പങ്കെടുത്തു.