തൃക്കാക്കര: മക്കളും ബന്ധുക്കളും സ്വത്ത് തട്ടിയെടുത്തതിനെതുടർന്ന് ജീവിക്കാൻ നിർവ്വാഹമില്ലാതായ നാല് സ്ത്രീകൾ വനിതാ കമ്മീഷന് മുന്നിൽഎത്തി. . ആമവാതം ബാധിച്ച് അവശയായ സ്ത്രീ, 92 വയസ്സ് പ്രായമുള്ള ഒരു വൃദ്ധ എന്നിവർഇതിലുൾപ്പെടുന്നു. 92 വയസുള്ള വൃദ്ധയായ മാതാവിന്റെ സ്വത്ത് തട്ടിയെടുത്ത സഹോദരി പുത്രനോട് സ്ഥലത്തിന്റെ വിലയായ ആറ് ലക്ഷം രൂപ അടുത്ത അദാലത്തിൽ ഹാജരാക്കി അമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകി.
117 പവൻ സ്വർണ്ണവും 23 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിട്ടും ഗാർഹിക പീഡനം നേരിടുന്ന പരാതിയിൽ എയർ ഇന്ത്യയിൽ ഉദ്യോഗസ്ഥനായ ഭർത്താവിനെ തിരുവനന്തപുരം ഓഫീസിൽ വിളിപ്പിക്കാൻ തീരുമാനിച്ചു.ഒമ്പത് വർഷം പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതിനെതിരെയും , നിർബന്ധിച്ച് അബോർഷൻ ചെയ്യിപ്പിച്ച ഭർത്താവിനെതിരെയും യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ അടുത്ത സിറ്റിങ്ങിൽ ഭർത്താവിനോട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
സഹഅദ്ധ്യാപകനെതിരെ അദ്ധ്യാപിക നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഡി പി ഐ യുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗവ. എൽ.പി സ്കൂൾ പരിസരത്ത് ടെക്നിക്കൽ സ്കൂളിന്റെ വർക്ക്ഷോപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ പ്രധാനാദ്ധ്യാപിക നൽകിയ പരാതിയിൽ കമ്മീഷൻ സ്ഥലം സന്ദർശിക്കും.
28,000 പെൻഷനുള്ള 90 വയസിലധികം പ്രായമായ അമ്മയെ കെയർടേക്കറില്ലാത്ത സ്വകാര്യ വൃദ്ധസദനത്തിലാക്കിയ മകനോട് അമ്മയെ ഹോം നഴ്സിനെവീട്ടിൽ നിർത്തി പരിചരിപ്പിക്കാൻ നിർദ്ദേശം നൽകി. കൂടാതെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നസ്ഥലത്തെ കുറിച്ച് കൗൺസിലറെ വിട്ട് അന്വേഷണം നടത്താനും തീരുമാനിച്ചു.
അദാലത്തിൽ കമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വക്കേറ്റ് ഡയറക്ടർ വി.എം കുര്യാക്കോസ് , ഇ.എം രാധ തുടങ്ങിയവർ പങ്കെടുത്തു.