കൊച്ചി: കാലവർഷത്തിൽ ഇരുണ്ടുമൂടികെട്ടി കിടക്കുന്ന ആകാശവും ആർത്തലച്ചു പെയ്യുന്ന മഴയും കാറ്റും കണ്ടാണ് മലയാളിക്ക് ശീലം. തെളിഞ്ഞ നീലാകാശത്തിൽ തൂവെള്ള മേഘങ്ങൾ നിറഞ്ഞ കാലവർഷമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയിലെ കാഴ്ച. എന്നാൽ കാലവർഷ മേഘങ്ങളെ വായുചുഴലിക്കാറ്റ് കൊണ്ടുപോയെന്ന ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ കാലവർഷത്തെ തിരികെയെത്തിക്കുമെന്നാണ് അവരുടെ നിരീക്ഷണം. അഞ്ചുനാളിനകം കേരളം വീണ്ടും മഴ നനയും. ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റാവില്ലെന്നും വിദഗ്ധർ പറയുന്നു.
ജൂൺ 1 മുതൽ 15 വരെ ഉള്ള മഴയുടെ അളവ് നോക്കിയാൽ ഈ വർഷം കേരളത്തിൽ 30 ശതമാനം മഴ കുറവാണ്. ജില്ലയിലാകട്ടെ 28 ശതമാനം കുറവും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 44 ശതമാനം അധികമഴ ലഭിച്ച സ്ഥാനത്താണിത്.
കഴിഞ്ഞ വർഷം മേയ് 29ന് കേരളത്തിൽ കാലവർഷം ആരംഭിച്ചപ്പോൾ ഇത്തവണ ജൂൺ 8ന് ആണ് തുടങ്ങിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വായു ചുഴലിക്കാറ്റ് രൂപപ്പെടുകയും കാലവർഷമേഘങ്ങളെ കൊണ്ടുപോവുകയും ചെയ്തതോടെ മഴ കുറഞ്ഞു.
സമ്മർ മൺസൂൺ എന്നാണ് ഈ കാലവർഷം അറിയപ്പെടുന്നത് തന്നെ. വിന്റർ മൺസൂൺ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ മൺസൂൺ ആണ് തണുപ്പേകുന്ന കാലവർഷക്കാലം.
കഴിഞ്ഞ വർഷത്തെ അത്ര മഴ ലഭിച്ചില്ലെങ്കിലും അടുത്ത വേനലിൽ ജലക്ഷാമത്തിന് സാദ്ധ്യതയുമില്ല.
കഴിഞ്ഞ പ്രളയജലത്തിൽ ഉപരിതല മണ്ണുൾപ്പെടെ പോയതാണ് ഈ വേനലിൽ ജലക്ഷാമത്തിനിടയാക്കിയത്. എന്നാൽ ഇത്തവണത്തെ മഴ ആ ചതി ചെയ്യില്ലെന്നും അടുത്ത വേനലിൽ ആവശ്യമായ വെള്ളം ഈ കാലവർഷം തരുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ രംഗത്തുള്ളവർ.
വർഷം മാസം ലഭിച്ച മഴ
2018 - ജൂൺ 15 വരെ - 44% അധികം
2019 - ജൂൺ 15 വരെ - 30% കുറവ്
"പലവിധ ഘടകങ്ങളാൽ മൺസൂൺ ഓരോ തവണയും ഓരോ തരത്തിലാണ് കേരളത്തിന് ലഭിക്കാറുള്ളത്. ഇത്തവണ ചെറിയ ഇടവേളയ്ക്ക് ശേഷം കാലവർഷം ശക്തിപ്പെടാനാണ് സാധ്യത. എത്ര അളവിൽ, എവിടെയൊക്കെ ലഭിക്കും എന്ന് പറയാറായിട്ടില്ല"
മോഹൻകുമാർ
ഡയറക്ടർ
അഡ്വാൻസ്ഡ് സെന്റർ ഒഫ് അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച്
കുസാറ്റ്.