അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃതത്തിൽ വായനവാരാഘോഷം അക്ഷരക്കൊയ്ത്ത് സംഘടിപ്പിക്കുന്നു.
18 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വായനാവാരാഘോഷപരിപാടികൾ പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യകാരൻ ടോം ജോസ് വായനവാര സന്ദേശം നൽകും. എം. ജി. സർവകലാശാലയിൽ മലയാളം ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അബീന പ്രകാശ്, എട്ടാം വയസ്സിൽ സ്വന്തം കവിതാസമാഹാരം പ്രസിദ്ധീകരിച്ച ശാലിനി പ്രദീപ് എന്നിവരെ ആദരിക്കും.
22 ന് രാവിലെ 10 ന് കലോത്സവം നടക്കും. കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പാൾ ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 ന് സാഹിത്യ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും.
വായനാവാരാഘോഷത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിനും കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, കാലടി, മലയാറ്റൂർ, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക സദസ്, പുസ്തകാസ്വാദനം, സെമിനാറുകൾ, കൂട്ട വായന എന്നിവ ഇതിന്റെ ഭാഗമായി നടക്കും.