കൊച്ചി :സംസ്ഥാത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി മുതിർന്ന നേതാക്കൾക്ക് മണ്ഡലങ്ങളുടെ ചുമതല നൽകി. ബി.ജെ. പിയുടെ അംഗസംഖ്യ ഇരട്ടിയാക്കാൻ
അടുത്ത ജനുവരി 31 വരെ അംഗത്വ കാമ്പെയിൻ നടത്താനും ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. താഴേത്തട്ടിലെ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം മാനിച്ചാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കും.
അംഗത്വം 30 ലക്ഷമാക്കും
സംസ്ഥാനത്ത് നിലവിൽ ബി. ജെ. പിക്ക് 15 ലക്ഷം അംഗങ്ങളാണുള്ളത്. 30 ലക്ഷം പേരെ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ഇതിനായി ജൂലായ് ആറുമുതൽ 2020 ജനുവരി 31 വരെ പരമാവധി പേരെ പാർട്ടി അംഗങ്ങളാക്കും. അടിത്തറ ശക്തമാക്കി ത്രിപുരയും പശ്ചിമബംഗാളും കേരളത്തിൽ ആവർത്തിക്കും.
സി.പി.എം വെല്ലുവിളി സ്വീകരിക്കും
ബി.ജെ.പിയുടെ വളർച്ച അംഗീകരിക്കുന്നതാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട്. ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് പറഞ്ഞതല്ല സംഭവിച്ചതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത് അംഗീകാരമാണ്. ബി.ജെ.പിയുടെ വളർച്ച തടയണമെന്ന നിർദ്ദേശത്തെ വെല്ലുവിളിയായി സ്വീകരിക്കുന്നു. ശബരിമല പ്രശ്നമുൾപ്പെടെ തിരിച്ചടിച്ചെന്ന് സി.പി.എം ഒടുവിൽ അംഗീകരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റം ആവർത്തിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മണ്ഡലങ്ങളും ചുമതലക്കാരും
വട്ടിയൂർക്കാവ് : എം.ടി. രമേശ്
കോന്നി : എ.എൻ. രാധാകൃഷ്ണൻ
അരൂർ : കെ. സുരേന്ദ്രൻ
പാലാ : ശോഭാ സുരേന്ദ്രൻ
എറണാകുളം : സി.കെ. പത്മനാഭൻ
മഞ്ചേശ്വരം : പി.കെ. കൃഷ്ണദാസ്