തൃക്കാക്കര: ജില്ലയിലെ ബാങ്കുകളിൽ കഴിഞ്ഞ ഒരു വർഷത്തിൽ 6900 കോടി രൂപയുടെ നിക്ഷേപ വർദ്ധന ഉള്ളതായി ജില്ലാതല ബാങ്കിംഗ്അവലോകന സമിതി വിലയിരുത്തി. 102136 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിൽ നടന്നത്. 2018 മാർച്ചിലെ നിക്ഷേപം 95464 കോടി രൂപയായിരുന്നു.
മുൻഗണനാ മേഖലയിൽ 2019 മാർച്ച് വരെ 35058 കോടി രൂപയാണ് വായ്പയായി നൽകിയത്. മൊത്തം വായ്പയുടെ 42 ശതമാനമാണിത്. ദുർബല മേഖലയിൽ 11936.91 കോടി രൂപ വായ്പയായി നൽകി. പതിനാനാല് ശതമാനത്തിലധികം വായ്പ ഈ മേഖലയിൽ നൽകി. റിസർജന്റ് കേരള ലോൺ സ്കീം വായ്പാ പദ്ധതിയിൽ ജില്ലയിൽ 341 കോടി രൂപ വിതരണം ചെയ്തതിൽ ലീഡ് ബാങ്ക് 160 കോടി രൂപ വിതരണം ചെയ്തു.
കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രം, കൃഷി വകുപ്പ് , ഡി.ആർ ഡി.എ. എന്നീ വകുപ്പുകളുടെ വിവിധ പദ്ധതി അവലോകനവും യോഗത്തിൽ നടത്തി.
കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന ബാങ്കിങ് അവലോകന സമിതി യോഗത്തിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി ജയരാജ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ സി. സതീഷ്, യൂണിയൻ ബാങ്ക് ഡിജിഎം എ.കൃഷ്ണസ്വാമി, നബാർഡ് ഡിഡിഎം അശോക് കുമാർ നായർ തുടങ്ങിയവർ സംസാരിച്ചു