endosulfan

കൊച്ചി : എൻഡോസൾഫാൻ ദുരിത ബാധിതനായ മകനെ ചികിത്സിക്കാൻ പിതാവെടുത്ത വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. ഹർജി ജൂൺ 24 ന് വീണ്ടും പരിഗണിക്കുമ്പോൾ വായ്പ എങ്ങനെ എഴുതിത്തള്ളാമെന്ന കാര്യത്തിൽ സെക്രട്ടറി തീരുമാനമെടുത്ത് അറിയിക്കാനാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല നിർദേശം.

കാസർകോട് പെർള സർവീസ് സഹകരണ ബാങ്കിൽ നിന്ന് മകന്റെ ചികിത്സയ്ക്കുവേണ്ടി എടുത്ത വായ്പാതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നുള്ള നടപടികൾ തടയണമെന്നും വായ്പ എഴുതിത്തള്ളാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് എം. വാസുദേവ നായിക് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 2013 ലാണ് മകൻ ശ്രേയസിന്റെ ചികിത്സയ്ക്കായി 10,000 രൂപ ഹർജിക്കാരൻ വായ്പയെടുത്തത്. ചികിത്സയിലിരിക്കെ 2017 ൽ ശ്രേയസ് മരിച്ചു. എന്നാൽ വായ്പാതിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് തുടർ നടപടികൾ സ്വീകരിച്ചു. എൻഡോസൾഫാൻ ഇരകളുടെ വായ്പാ കുടിശികകൾ എഴുതിത്തള്ളുന്ന ആനുകൂല്യം തനിക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് വാസുദേവ നായിക് അപേക്ഷ നൽകിയിരുന്നു. എന്നാൽ 2011 നു മുമ്പുള്ള വായ്പകൾക്കാണ് ഇതനുവദിക്കുന്നതെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. തുടർന്നാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വായ്പയെടുത്താണ് ഹർജിക്കാരൻ മകനെ ചികിത്സിച്ചത്. എന്നാൽ മകൻ മരിച്ചു. ഇതിനാൽ വായ്പാ തിരിച്ചടവിന്റെ പേരിൽ ഹർജിക്കാരന് കൂടുതൽ ദുരിതം ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിലപാടെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ധനകാര്യ വകുപ്പ് സെക്രട്ടറിയോട് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ നിർദേശിച്ചത്.