കൊച്ചി : രാജീവ് ആവാസ് യോജന പ്രകാരം മട്ടാഞ്ചേരിയിൽ ചേരി നിവാസികൾക്കു വേണ്ടി ആരംഭിച്ച ഭവന സമുച്ചയ നിർമ്മാണം മുടങ്ങിയതിന്റെ കാരണമെന്താണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും കൊച്ചി നഗരസഭയോടും ഹൈക്കോടതി നിർദേശിച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. 199 കുടുംബങ്ങൾക്കു വേണ്ടിയുള്ള ഭവന നിർമ്മാണം മുടങ്ങിയതിനെതിരെ പശ്ചിമകൊച്ചിയിലെ സൺറൈസ് കൊച്ചി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോടും നഗരസഭയോടും വിശദീകരണം തേടിയത്. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം വിവിധ സർക്കാർ ഏജൻസികൾ വഹിക്കേണ്ട തുകയിൽ നിന്ന് ഇതുവരെ എത്ര കൈമാറിയെന്ന് അറിയിക്കാനും ഡിവിഷൻബെഞ്ച് വാക്കാൽ നിർദേശിച്ചിട്ടുണ്ട്.

കൊച്ചി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ 398 പാവപ്പെട്ട കുടുംബങ്ങൾക്കു വേണ്ടിയാണ് രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം ഫ്ളാറ്റ് നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചത്. 2014 ൽ നിർമ്മാണം തുടങ്ങേണ്ട പദ്ധതി വൈകിയതോടെ സൺറൈസ് കൊച്ചി എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ 2017 ൽ നിർമ്മാണം തുടങ്ങിയെങ്കിലും വീണ്ടും നിലച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.