ci

കൊച്ചി : വീടു വിട്ടിറങ്ങിയതിന് മാപ്പ് ചോദിച്ച് സെൻട്രൽ സി.ഐ നവാസ്. തിരികെയെത്തിയതിൽ ആശ്വസിച്ച് ഭാര്യയും രണ്ട് പെൺമക്കളും സഹപ്രവർത്തകരും. രണ്ടു ദിവസം നീണ്ട പിരിമുറുക്കം നീങ്ങിയെങ്കിലും നവാസ് വീടുവിടാനിടയായ വിഷയം വിവാദമായി തുടരുകയാണ്.

കരൂരിൽ കണ്ടെത്തിയ നവാസിനെ പാലക്കാട്ട് എത്തിച്ച ശേഷമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം മാപ്പു ചോദിച്ചത്. "മാപ്പ്.... വിഷമിപ്പിച്ചതിന്. മനസ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ ശാന്തിതേടി ഒരു യാത്ര പോയതാണ്. ഇപ്പോൾ തിരികെ യാത്ര." എന്നായിരുന്നു പോസ്റ്റ്. സുഹൃത്തുക്കൾ ഉൾപ്പെടെ പോസ്റ്റിൽ സന്തോഷവും പിന്തുണയും അറിയിച്ചു.

പൊലീസ് കണ്ടെത്തിയ ഉടനെ നവാസ് വീട്ടിലേക്ക് മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. ഇതോടെ തേവരയിലെ പൊലീസ് ക്വാർട്ടേഴ്സിലുണ്ടായിരുന്ന ഭാര്യ ആരിഫയ്ക്കും മക്കൾക്കും ബന്ധുക്കൾക്കും ആശ്വാസമായി. പിതാവിനെ കണ്ടെത്തിയതിൽ സന്തോഷം എന്നായിരുന്നു മകളുടെ പ്രതികരണം. വല്ലാതെ പേടിച്ചു. ഇപ്പോൾ ആശ്വാസമായി.

അന്വേഷണം തുടരും

അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ്‌കുമാർ വയർലെസിൽ ശകാരിച്ചതിനെ തുടർന്നാണ് നവാസ് വീടുവിട്ടതെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം തുടരും. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി മൊഴിയെടുത്തിരുന്നു. നവാസിൽ നിന്ന് അടുത്ത ദിവസം ഇതു സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കും.