fish
കായലിൽ നിന്നും ചത്ത മത്സ്യങ്ങൾചമ്പക്കരയുടെ ഉൾപ്രദേശത്തുളള കാനയിലുടെ ഒഴുകുന്നദൃശ്യം

മരട്:ചമ്പക്കര കായലിലും കുണ്ടന്നൂർ, മരട് ഗാന്ധിസ്ക്വയർ തുടങ്ങിയ ഉൾപ്രദേശങ്ങളിലെ തോടുകളിലും

കാനകളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കരിമീനും കരിമീൻകുഞ്ഞുങ്ങളും,പളളത്തി,വാള,മഞ്ഞക്കൂരി,തിലോപ്പിയ,കറ്റല,റൂഗ് തുടങ്ങിയവും കായലിന്റെ അടിത്തട്ടോടുചേർന്ന്മാത്രം ജീവിക്കുന്ന ഇലച്ചിൽ,മതിരാൻ,ഒറത്ത തുടങ്ങിയ മത്സ്യങ്ങളും ചത്തുപൊങ്ങി മുകൾപ്പരപ്പിലുടെ ഒഴുകിപ്പോകുന്നത് മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.തോരാതെ നിന്നമഴയിൽ മത്സ്യങ്ങൾക്ക് പ്രാണവായുകിട്ടാത്തതുകൊണ്ടും,പുഴയിലൂടെ കിഴക്കൻ പ്രദേശത്തുളള കമ്പനികൾ ഒഴുക്കിവിടുന്ന മലിനജലവും കാരണമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതെന്നാണ് നാട്ടുകാരുടെ സംശയം.

എല്ലാവർഷവും ചമ്പക്കരപ്രദേശത്ത് മഴക്കാലത്ത് വല്ലപ്പോഴുമൊക്കെ മത്സ്യങ്ങൾ കായലിൽ അർദ്ധപ്രാണനായി ഒഴുകിനടക്കുന്ന കാഴ്ച ഉണ്ടാകാറുണ്ടങ്കിലും ഇതുപോലെ ചത്തുപൊങ്ങി പുഴയിൽനിന്നും ഒഴുക്കിൽപ്പെട്ട് ഉൾപ്രദേശങ്ങളിലെ ജലാശയങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നത് ആദ്യമായാണെന്നും അടിയന്തരമായി ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട ഗവേഷണസ്ഥാപനങ്ങളും പഠനം നടത്തി നടപടിയെടുക്കണമെന്നും കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ പറഞ്ഞു.