നെട്ടൂർ: മാടവന പൊതുമരാമത്ത് വകുപ്പ് റോഡിൽ അണ്ടിപ്പിള്ളി തോടിനു കുറുകെ പണിതിരിക്കുന്ന കലുങ്ക് അപകടഭീഷണിയായി. ജീർണിച്ച് കലുങ്കിന്റെ കൈവരികൾ ഇല്ലാതായി. സ്ലാബുകളും തകർന്നു. അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. നിരവധി സ്കൂൾ വാഹനങ്ങളും വലിയഭാരവാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. നെട്ടൂർ - കുമ്പളം പാലവും കുണ്ടന്നൂർ - നെട്ടൂർസമാന്തരപാലവും തുറന്നുകൊടുത്തതോടെ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചു. ഇവ താങ്ങാനുള്ള കെൽപ്പ് ഈ കലുങ്കിനില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അടിയന്തരമായി കലുങ്കിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. പ്രതിഷേധയോഗം കൗൺസിലർ ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. എ.വി. സന്ധ്യാവ് അദ്ധ്യക്ഷത വഹിച്ചു. എ.എ. അബുബക്കർ ,ടി.പി. ജോസഫ്, കെ.വി. തോമസ് , ടി.കെ. ബാബു, കെ.ഡി. അജു എന്നിവർ സംസാരിച്ചു.