navas
ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയ സി.ഐ വി.എസ്. നവാസ് ഭാര്യക്കും മക്കൾക്കുമൊപ്പം

കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിനെ രണ്ടുദിവസം നീണ്ട പിരിമുറുക്കത്തിനൊടുവിൽ തമിഴ്നാട്ടിൽ ട്രെയിനിൽ കണ്ടെത്തി തിരിച്ചെത്തിച്ചു. രാമേശ്വരത്തുള്ള അദ്ധ്യാപകനെ കാണുകയായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് നവാസ് അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് സൂചന. വീടുവിടാനിടയായ കാര്യങ്ങളെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്ന് കൊച്ചിയിൽ നവാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം- മധുര ട്രെയിനിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെ കരൂരിൽ വച്ച് ഇടുക്കി തൂക്കുപാലം സ്വദേശിയായ ആർ.പി.എഫ് ഉദ്യോഗസ്ഥൻ അനിൽകുമാറാണ് സി.ഐയെ കണ്ടത്. അദ്ദേഹം കേരള പൊലീസിന് വിവരം കൈമാറി. പൊലീസ് മൊബൈലിൽ അയച്ചുകൊടുത്ത ചിത്രങ്ങൾ നോക്കി നവാസാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ അഞ്ചിന് കരൂർ സ്റ്റേഷനിൽ നവാസിനെ റെയിൽവേ പൊലീസ് ഇറക്കി. ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്തപ്പോൾ സ്ഥലം സംബന്ധിച്ച വിവരം കൊച്ചി സിറ്റി പൊലീസിനും ലഭിച്ചിരുന്നു. അതിനിടെയാണ് റെയിൽവേ പൊലീസ് വിവരം നൽകിയത്.

കൊച്ചിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം എസ്.പിയുടെ ക്രൈം സ്‌ക്വാഡിലെ അംഗമായ മലമ്പുഴ എ.എസ്.ഐ ജലീലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ കരൂരിലേക്ക് തിരിച്ചു. കരൂരിലെത്തിയ സംഘം നവാസിനെ ഏറ്റുവാങ്ങി. അതിനിടെ വീട്ടുകാരെ ഫോണിൽ വിളിച്ച് നവാസ് സംസാരിച്ചു. സ്വകാര്യ കാറിൽ ഉച്ചയ്ക്ക് 12ന് അദ്ദേഹത്തെ പാലക്കാട്ട് കൊണ്ടുവന്നു. വാളയാർ ഒഴിവാക്കി പൊള്ളാച്ചി, ഗോവിന്ദാപുരം വഴിയാണ് പാലക്കാട്ട് എത്തിച്ചത്.

ശാന്തനായി നവാസ്

കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം ഉച്ചയ്ക്ക് രണ്ടോടെ നവാസിനെ ഏറ്റുവാങ്ങി. സ്വകാര്യ കാറിലായിരുന്നു തുടർയാത്ര. യാത്രയിലുടനീളം നവാസ് ശാന്തനായിരുന്നു. വൈകിട്ട് 5ന് കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തിച്ച് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി രണ്ടു മണിക്കൂറോളം മൊഴിയെടുത്തു. തുടർന്ന് 7.15 ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിച്ചു. വീടുവിട്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഭാര്യയുടെ പരാതിയെപ്പറ്റി അറിയില്ലെന്നും പറഞ്ഞു. തുടർന്ന് പനമ്പിള്ളിനഗറിൽ മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി.


വാക്കുതർക്കം അന്വേഷിക്കും: കമ്മിഷണർ

അസിസ്റ്റന്റ് കമ്മിഷണർ സുരേഷ്‌കുമാറും നവാസും തമ്മിലുണ്ടായ വാക്കുതർക്കത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഒരുമിച്ച് ജോലിചെയ്യാൻ കഴിയില്ലെങ്കിൽ നവാസിന് വീണ്ടും മാറ്റം നൽകും. ഇരുവരെയും മട്ടാഞ്ചേരിയിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. വീടുവിട്ടുപോകാൻ ഇടയാക്കിയ കാര്യങ്ങൾ പിന്നീട് വിശദമായി അന്വേഷിക്കും. ഭാര്യ ആരിഫ പരാതി നൽകിയയുടൻ നവാസിന്റെ ഫോട്ടോ ഉൾപ്പെടെ പൊലീസിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിനും വിവരങ്ങൾ കൈമാറി. അങ്ങനെയാണ് ശനിയാഴ്ച പുലർച്ചെ തമിഴ്‌നാട്ടിൽ കണ്ടെത്തിയെന്ന് വിവരം ലഭിച്ചത്.