അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ കർഷകർക്ക് ആശ്വാസമായ പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ അവലോകനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പഞ്ചായത്തുകൾ വഴി തെരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, പന്നികൂട്, കോഴിക്കൂട്, കമ്പോസ്റ്റ് എന്നിവ നിർമ്മിച്ചു നൽകും. കൂടാതെ സോക്ക് പിറ്റ്, കമ്പോസ്റ്റ് സ്ട്രക്ച്ചർ, ബയോഗ്യാസ് പ്ലാന്റ്, അസോള ടാങ്ക്, കീണർ റീചാർജ്ജിംഗ്, ഫല വൃക്ഷത്തോട്ടം, അതൊടൊപ്പം വർക്ക്‌ഷെഡുകളും നിർമ്മിച്ചുനൽകുന്നു. കൂടാതെ സർക്കാർ സ്‌കൂളുകളിലെ ചുറ്റുമതിൽ നിർമ്മാണം, കിച്ചൻ ഷെഡ്, ഡൈനിംഗ് ഹാൾ നിർമ്മാണം, കളി സ്ഥലം ഒരുക്കൽ, ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കൽ, ടൊയ്‌ലെറ്റ് നിർമ്മാണങ്ങളും ഉൾപ്പെടുത്തിരിക്കുന്നു. പട്ടികവർഗ്ഗകുടുംബങ്ങൾക്ക് 200 തൊഴിൽദിനങ്ങൾ ലഭ്യമാക്കുവാനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു വി. തെക്കേക്കര, കെ. വൈ. വർഗ്ഗീസ്, ജയരാധാകൃഷ്ണൻ, ചെറിയാൻ തോമസ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി. പി. ജോർജ്ജ്, കെ. പി. അയ്യപ്പൻ, ഗ്രേയ്‌സി റാഫേൽ, അംഗങ്ങളായ സിജു ഈരാളി, ഷേർളി ജോസ്, എൽസി വർഗ്ഗീസ്, വനജ സദാനന്ദൻ,റെന്നി ജോസ്, ജോ. ബി. ഡി. ഒ. രാധാമണി എന്നിവർ സംസാരിച്ചു.ആവശ്യക്കാർ പഞ്ചായത്ത് വഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.