മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാഷ് അവാർഡ് വിതരണവും പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ കുടവിതരണവും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൺസ്യൂമർഫെഡ് വൈസ്‌ചെയർമാൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. മുരളി സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഡിഗ്രി അവാർഡ് വിതരണവും തൃക്കളത്തൂർ സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ആർ. സുകുമാരൻ റാങ്ക് ഹോൾഡർ അവാർഡ് വിതരണവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു , പഞ്ചായത്ത് മെമ്പർമാരായ അശ്വതി ശ്രീജിത്, പി.എസ്. ഗോപകുമാർ, നസീമ സുനിൽ, ബാങ്ക് സെക്രട്ടറി ബി. ജീവൻ എന്നിവർ സംസാരിച്ചു.