കൊച്ചി: പ്രളയത്തിന് ശേഷം കാലവർഷമെത്തിയിട്ടും പരിഷ്കരിച്ച വെള്ളപ്പൊക്ക സാദ്ധ്യതാഭൂപടം ഇനിയുംപുറത്തിറങ്ങിയില്ല. എറണാകുളം ജില്ലയെ പ്രളയജലത്തിൽ മുക്കിയ ഇടുക്കി ഡാമിന്റെ വെള്ളപ്പൊക്ക സാദ്ധ്യതാഭൂപടം ഡാം സേഫ്ടി അതോറിട്ടി ഇതുവരെ പുറത്തിറക്കാത്തത് ജില്ലാഭരണകൂടത്തിന് തിരിച്ചടിയായി. 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെ അടിസ്ഥാനപ്പെടുത്തി പരിഷ്കരിക്കേണ്ട ഭൂപടമാണ് പൂർത്തിയാകാനുള്ളത്.
ഓരോ ഡാമിന്റെയും ചുമതലയുള്ളവരാണ് സെൻട്രൽ വാട്ടർ കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള വെള്ളപ്പൊക്ക സാദ്ധ്യതാഭൂപടം തയ്യാറാക്കേണ്ടത്. തയ്യാറാക്കപ്പെട്ട ഭൂപടം സർക്കാരിന് സമർപ്പിക്കണം.പിന്നീട് ജില്ലാഭരണകൂടങ്ങൾക്ക് കൈമാറണം. ജില്ലാഭരണകൂടം ജില്ലാ ദുരന്തനിവാരണ സേനയ്ക്കും മറ്റുപ്രാദേശിക ഭരണകൂടങ്ങൾക്കും ഭൂപടം നൽകും.അടിയന്തര സാഹചര്യം നേരിട്ടാൽ ദുരന്തനിവാരണ സേനയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.കഴിഞ്ഞ വർഷത്തെ പോലെ നൂറ്റാണ്ടിലുണ്ടാകുന്ന പ്രളയമല്ല, 30 വർഷത്തിനിടെ ഉണ്ടാകാവുന്ന ചെറുവെള്ളപ്പൊക്കങ്ങളെ മുന്നിൽ കണ്ടാണ് ഭൂപടങ്ങൾ തയ്യാറാക്കുന്നത്.
ഇടുക്കി ഡാമിന്റെ ഭൂപടം തയ്യാറാക്കാൻ നിർദ്ദേശിച്ച് സെൻട്രൽ വാട്ടർ കമ്മീഷൻ നൽകിയ ഇനൻഡേഷൻ മാപ്പിൽ വന്ന പിശകാണ് ഭൂപടം തയ്യാറാക്കാൻ തടസമായതെന്നാണ് ഡാം സേഫ്ടി അതോറിട്ടിപറയുന്നത്. ആദ്യം നൽകിയ ഇനൻഡേഷൻ മാപ്പിൽ ചെറുതോണി വരെയുള്ള പ്രദേശം മാത്രമേ ഉൾക്കൊള്ളിച്ചിരുന്നുള്ളൂ. അത് തിരുത്തി അറബിക്കടൽ വരെയുള്ള പ്രദേശം ഉൾക്കൊള്ളിച്ച് രണ്ടാമത് നൽകിയ മാപ്പ് പ്രകാരമാണ് ഡാം സേഫ്ടി അതോറിട്ടി ഇപ്പോൾ ഭൂപടം തയ്യാറാക്കുന്നത്. ഈ മാസം അവസാനത്തോടെ ഭൂപടം പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ പറയുന്നു.
സംസ്ഥാനതലത്തിൽ പൂർത്തിയാകേണ്ട മറ്റു ഡാമുകളുടെയും വെള്ളപ്പൊക്ക സാദ്ധ്യതാഭൂപടം പൂർണമായിട്ടില്ല. 13 ഡാമുകളും ഒരു ബാരേജും ഉൾപ്പെടെ 14 ഡാമുകളുടെ ഭൂപടം തയ്യാറാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന ഇറിഗേഷൻ വകുപ്പിനായിരുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്വരൂപിച്ച വിവരങ്ങൾ ഇറിഗേഷൻ വകുപ്പിന് കൈമാറിയെങ്കിലും എട്ട് ഡാമുകളുടെ ഭൂപടങ്ങൾ മാത്രമേ പൂർണമായുള്ളൂ.
ഈ വർഷം ഇതുവരെ മഴ കുറവായതിനാൽ ഇനിയൊരു ശക്തമായ മഴ വന്നാലും ഇടുക്കി ഡാമിന് താങ്ങാനാവുമെ ന്നാണ് അധികൃതർ പറയുന്നത്. ടയർ മൂന്ന് തലത്തിലുള്ള സാറ്റലൈറ്റ് ഡാറ്റ വച്ചുള്ള ഭൂപടങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അത് വിദേശരാജ്യങ്ങളിലേത് പോലെ കൃത്യമാവില്ലെന്നും അധികൃതർ തുറന്നുപറയുന്നു.
ഭൂപടം ഇങ്ങനെ
ദുരന്തനിവാരണ സേനയ്ക്ക് വളരെ പ്രയോജനകരം
ഡാമുകളിലെ ജലനിരപ്പ്
, ഏതുസാഹചര്യത്തിൽ വെള്ളം തുറന്നുവിടാം
ക്യാമ്പ് തുറക്കാനാകാവുന്നസ്ഥലങ്ങൾ,
അടുത്തആശുപത്രി, സ്കൂളുകൾ