കൊച്ചി: പണിയെടുക്കുന്ന സ്പെഷ്യൽ ഓഫീസറെ കാത്തിരിക്കുകയാണ് മദ്ധ്യകേരളത്തിന്റെയാകെ പ്രതീക്ഷയായ കൊച്ചി കാൻസർ സെന്റർ
തുടക്കത്തിൽ കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. പിന്നീട് ഒരു ഐ.എ.എസ് ഓഫീസറെ സ്പെഷ്യൽ ഓഫീസറാക്കി വി.പി ഗംഗാധരൻ പദവിയിൽ നിന്ന് ഒഴിഞ്ഞു. സ്പെഷ്യൽ ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥ രാജിവച്ചതോടെ അന്നത്തെ കളക്ടർ രാജമാണിക്യത്തിന് സ്പെഷ്യൽ ഓഫീസറിന്റെ ചുമതല നൽകി. അദ്ദേഹം സ്ഥലംമാറിയപ്പോൾ പകരം വന്ന മുഹമ്മദ് വൈ. സഫീറുള്ള സ്പെഷ്യൽ ഓഫീസറായി. മറ്റ് ഉത്തരവാദിത്തങ്ങൾക്കിടയിൽ കളക്ടർമാർക്ക് കാൻസർ സെന്ററിനായി കൂടുതൽ പ്രവർത്തിക്കാനാകുമോയെന്ന സംശയം ഉന്നയിക്കുകയാണ് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് പ്രവർത്തകർ.
. കാൻസർ ചികിത്സയ്ക്ക് സാധാരണക്കാർ തിരുവനന്തപുരം ആർ.സി.സിയിലേക്ക് ഓടേണ്ട ഗതികേടിൽ നിന്ന് രക്ഷയാകുമെന്നായിരുന്നു കൊച്ചി കാൻസർ സെന്റർ സ്വപ്നം കണ്ടവരുടെയെല്ലാം പ്രതീക്ഷ. തറക്കല്ലിട്ട് അഞ്ചുവർഷം ആഗസ്റ്റിൽ പൂർത്തിയാകുമ്പോൾ കിടത്തിചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെടെ മഹാലക്ഷ്യങ്ങളിലേയ്ക്ക് ഇനിയും ചുവടുകളേറെയാണ്.
2020ൽ പൂർണ്ണസജ്ജമായ കാൻസർ സെന്റർ എന്ന് സർക്കാർ പറയുമ്പോഴും എത്രത്തോളം പൂർത്തീകരിക്കാനാകുമെന്ന സംശയം ബാക്കിയാണ്. ലക്ഷ്യം നേടാൻ പ്രവർത്തിക്കുന്ന സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ പൊതുജനങ്ങളോടൊപ്പം സത്യഗ്രഹമിരുന്ന് നേടിയതാണ് കൊച്ചി കാൻസർ സെന്റർ. കാൻസർ സെന്ററിന്റെ പ്രാഥമികാവശ്യങ്ങൾക്ക് പണം അനുവദിക്കുക, സ്പെഷ്യൽ ഓഫീസറിനെ നിയമിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ മുന്നോട്ടുവച്ചത്. അന്നത്തെ സർക്കാർ രണ്ടും അംഗീകരിച്ചു. 10 കോടി രൂപ പ്രാഥമികാവശ്യങ്ങൾക്ക് അനുവദിച്ചു.
നിയമനങ്ങൾ വൈകിയത് തിരിച്ചടി
ഇൻപേഷ്യന്റ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വൈകിയാണ് നിയമന ഉത്തരവ് നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതൊക്കെ സ്പെഷ്യൽ ഓഫീസർ ഇടപെട്ടാൽ പരിഹരിക്കാമായിരുന്നെന്ന് ജസ്റ്റിസ് മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നു.. കഴിഞ്ഞ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന കിടത്തി ചികിത്സ ആരംഭിക്കാനായിട്ടില്ല.ജൂലായ് 15ന് ആറു കിടക്കകളിൽ കിടത്തി ചികിത്സ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.
പണി തുടരുന്നു
"കളക്ടറായപ്പോൾ കൊച്ചി കാൻസർ സെന്ററിന്റെ സ്‌പെഷ്യൽ ഓഫീസറായി അവസരം കിട്ടിയിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പണി നടക്കുകയാണ്. 2020 ൽ കാൻസർ സെന്റർ പൂർണ്ണസജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്."
മുഹമ്മദ് വൈ സഫീറുള്ള
കളക്ടർ
സെന്ററിന് പ്രത്യേക ഓഫീസർ വേണം
"മെഡിക്കൽ കോളേജ് പോലെയല്ല കൊച്ചി കാൻസർ സെന്റർ. ഒരു ആശുപത്രി പണിതിട്ടുവേണം പ്രവർത്തനം ആരംഭിക്കാൻ. അതിന് സർക്കാരിന്റെ കീഴിലുള്ള ഒരു സ്പെഷ്യൽ ഓഫീസർ കൊച്ചി കാൻസർ സെന്ററിന് മാത്രമായുണ്ടാൽ ഗുണകരമാകും. പ്രവർത്തനം പെട്ടെന്ന് മുന്നോട്ടുപോകും"
ഡോ.മോനി കുര്യാക്കോസ്
ഡയറക്ടർ
കൊച്ചി കാൻസർ സെന്റർ
കാലതാമസം ഒഴിവാക്കണം
"കാൻസർ സെന്ററിന്റെ ജോലി വളരെ പെട്ടെന്ന് മുന്നോട്ട് നീങ്ങാനാണ് അന്ന് സ്പെഷ്യൽ ഓഫീസർ എന്ന ആവശ്യം കൃഷ്ണയ്യർ ഉന്നയിച്ചത്. കളക്ടറുടെ പല ഉത്തരവാദിത്തങ്ങൾക്കിടെ കാൻസർ സെന്ററിന്റെ ഫയലുകൾക്ക് കാലതാമസം നേരിടുന്നുണ്ട്. കാൻസർ സെന്ററിന് മാത്രമായി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസർ ആയി നിയമിക്കണം"
ഡോ.എൻ.കെ സനിൽകുമാർ
ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്
അഞ്ചു വർഷത്തിനിടെ ഒ.പി പ്രവർത്തിക്കാനായത് മാത്രം നേട്ടം.
ഓപ്പറേഷൻ തീയേറ്ററില്ല
കിടത്തി ചികിത്സയും ആരംഭിക്കാനായില്ല.