കൊച്ചി : ശുദ്ധജലത്തിനായി ജനങ്ങൾ വിഷമിക്കുമ്പോഴും സംരക്ഷിക്കാനാളില്ലാതെ പിറവം നഗരസഭയിലെ പൊതുകിണറിൽ മാലിന്യം നിറഞ്ഞ് നഗരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. പിറവം ഫയർസ്റ്റേഷന്റെ താഴെ വളവിലായുള്ള ഈ കിണർ ഒരു കാലത്ത് പിറവം ടൗണിലുള്ളവരുടെ ദാഹം തീർത്തിരുന്നു. ടൗണിലെ കച്ചവടക്കാരും പ്രദേശവാസികളും പതിറ്റാണ്ടുകളായി കുടിവെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.
# കിണർ നിർമ്മിച്ചത് 64 ൽ
1964ൽ ആണ്പിറവം പഞ്ചായത്ത് ഈ കിണർ നിർമ്മിക്കുന്നത്. 2005 വരെ ഈ കിണർ നാട്ടുകാർക്ക് പ്രയോജനപ്പെട്ടിരുന്നു. അക്കാലത്തൊക്കെ എല്ലാ വർഷവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിണർ തേകി വൃത്തിയാക്കുമായിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികളും കിണർ വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. പൈപ്പുവെള്ളം എത്തിയതോടെ പുതുതലമുറയിലെ ജനപ്രതിനിധികൾ ഇത്തരത്തിലുള്ള പൊതുകിണറുകളും മറ്റും ശ്രദ്ധിക്കുവാൻ താത്പര്യം കാണിക്കാതായി. ഇതോടെ ഇവയുടെ നാശവും തുടങ്ങി.
# കാടുകയറി നശിക്കുന്നു
കിണർ വൃത്തിയാക്കാതായതോടെ നാട്ടുകാരും കിണറിനെ മറന്നു. കിണറിനു ചുറ്റും പതുക്കെ പുല്ലും ചെറിയ ചെടികളും വളർന്ന് കാടായി. ക്രമേണ പാമ്പ് , എലി , കീരി എന്നിവയുടെ വിഹാരകേന്ദ്രമായി ഈ കിണറും പരിസരവും മാറി. ഇപ്പോൾ മാലിന്യം കൂടി ഇവിടെ തള്ളുന്നതോടെ മൂക്കുപൊത്തിവേണം ഇതിലൂടെ സഞ്ചരിക്കാൻ. അറവ് മാലിന്യങ്ങളും ഭക്ഷണമാലിന്യങ്ങളും മറ്റുള്ളവയും ഇവിടേക്ക് തള്ളപ്പെടുന്നു. ഇവ മഴവെള്ളത്തിൽ ഒലിച്ച് റോഡിലേക്ക് വ്യാപിച്ച് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തുന്നു. എലിപ്പനി അടക്കമുള്ള മാരകരോഗങ്ങൾ ഭീഷണിയുയർത്തുന്നു. കൊതുകുകളുടെ പ്രജനന കേന്ദ്രമാണിവിടം.
# പരാതി പറഞ്ഞ് മടുത്തു
മുകളിൽ ഫയർസ്റ്റേഷൻ , താഴെ വിവിധ സ്ഥാപനങ്ങൾ , തൊട്ടടുത്തു നിരവധി കടകൾ. പരിസര ദുർഗന്ധം മൂലം പലരും സ്ഥാപനങ്ങൾ നിർത്തി. കിണർ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒട്ടനവധി പരാതികൾ ഇപ്പോഴത്തെ നഗരസഭാ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശവാസികളും കച്ചവടക്കാരും നൽകിയെങ്കിലും ഇതേവരെ ഒന്നും പരിഗണിക്കപ്പെട്ടില്ല.
അടിയന്തര നടപടി വേണം
കിണർ വൃത്തിയാക്കി ഉപയോഗപ്പെടുത്താൻ നഗരസഭാ ഭരണാധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം. രാഷ്ട്രീയ വ്യത്യാസം കൂടാതെ ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കണം. പൈപ്പുവെള്ളം മുടങ്ങുമ്പോൾ ഇത്തരം കിണറുകളാണ് അത്താണിയാകേണ്ടത്.
സി.കെ. പ്രകാശ് പ്രസിഡന്റ് ,
പിറവം സർവീസ് സഹകരണ ബാങ്ക്