കൊച്ചി: കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോൾപ്ളാസയിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് വീണ്ടും ടോൾപിരിവ് തുടങ്ങിയതിനെതിരെ എതിർപ്പ് ശക്തമാകുന്നു. ഫെബ്രുവരിയിൽ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലുണ്ടായ ധാരണയ്ക്ക് എതിരാണ് ഇപ്പോൾ ടോൾ പിരിക്കുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
മുളവുകാട് സർവീസ് റോഡ് പൂർത്തിയാക്കുകയും കാട്ടാത്ത് കടവിൽ നിന്ന് മുളവുകാട് വടക്കേയറ്റം വരെ സർവീസ് റോഡിന് എസ്റ്റിമേറ്റ് ഏറ്റെടുക്കുകയും ചെയ്തതിന് ശേഷമേ ടോൾ പിരിക്കൂ എന്നായിരുന്നു അന്നത്തെ ധാരണ.
മുളവുകാട് പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് നിറുത്തി വച്ച ടോളാണ് ശനിയാഴ്ച മുതൽ ആരംഭിച്ചത്. സർവീസ് റോഡ് പണി ആരംഭിച്ച സാഹചര്യത്തിലാണ് ടോൾ പിരിവ് പുന:സ്ഥാപിച്ചത്. കഴിഞ്ഞ 13 മുതൽ മൂന്ന് മാസത്തേക്കാണ് ദേശീയ പാത അതോറിട്ടി കരാർ പുതുക്കി നൽകിയിരിക്കുന്നത്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ടോളില്ല. മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകളിലെ കാറുകൾക്കും ടോളില്ല. പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവരിൽ നിന്ന് തദ്ദേശവാസിയാണെന്ന് തെളിയിക്കുന്ന കത്തും ആർ.സി ബുക്കിന്റെ കോപ്പിയും ടോൾ ബൂത്തിൽ എത്തിച്ചാൽ സൗജന്യപാസ് ലഭിക്കും. ടോൾ പ്ളാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള കാറുകൾക്ക് 265 രൂപയുടെ പാസ് എടുത്താൽ ഒരുമാസം സഞ്ചരിക്കാം.
"വെറും പതിനാറ് കിലോമീറ്റർ സഞ്ചരിക്കാൻ ഒരു കാർ യാത്രക്കാരൻ ഒരു ഭാഗത്തേക്ക് 50 രൂപയും ഇരുഭാഗത്തേക്ക് 75 രൂപയും നൽകേണ്ടിവരികയെന്നത് ദ്രോഹമാണ്. അത്രയും ദൂരം ഒരു സ്ട്രീറ്റ്ലൈറ്റ് പോലും സ്ഥാപിക്കാൻ തയ്യാറാകാത്തവരാണ് ടോൾപിരിവിന് പച്ചക്കൊടി കാട്ടുന്നത്. സ്വകാര്യവത്കരണം എതിർക്കുന്ന സംസ്ഥാന സർക്കാർ എന്തിന് ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു?"
ഹാഷിം ചേന്നാംമ്പിള്ളി
സംസ്ഥാന കൺവീനർ
ദേശീയപാത സംയുക്തസമരസമിതി
"സർവീസ് റോഡ് പണിത് കഴിഞ്ഞതിന് ശേഷമേ ടോൾ പിരിക്കാൻ പാടുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ദൂരെ നിന്നുള്ള കാറുകൾക്കാണ് ബുദ്ധിമുട്ടുണ്ടാവുക.എന്നാൽ അടുത്തുതന്നെ പ്രദേശത്തുള്ളവരിലേക്കും ടോൾ പ്രശ്നമായി വരും. ഇത് ന്യായീകരിക്കാനാവില്ല"
ബാബുരാജ് കെ.എസ്
സി.പി.ഐ വൈപ്പിൻ മണ്ഡലം അസി. സെക്രട്ടറി
കോതാട്
നടപ്പിലാകാതെ പോയ യോഗതീരുമാനങ്ങൾ
സർവീസ് റോഡ് പൂർത്തിയാക്കൽ
സർവീസ് റോഡ് നീട്ടുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കൽ
മുളവുകാട് അടിപ്പാത ഗതാഗതയോഗ്യമാക്കൽ
കണ്ടെയ്നർ റോഡിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ
ഡ്രെയ്നേജ് സംവിധാനം ഒരുക്കൽ