ബഹുനില വ്യാപാരസമുച്ചയങ്ങളുടെ പാർക്കിംഗ് ഏരിയയും കടമുറികളാകുന്നു
ആലുവ: ആലുവ നഗരത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വ്യാപാരികളും ഉദ്യോഗസ്ഥരും പുല്ലുവിലയാണ് നൽകുന്നത്.ബഹുനില വ്യാപാര സമുച്ചയങ്ങളുടെ പാർക്കിംഗ് ഏരിയകളെല്ലാം കടമുറികളാക്കിയും ഓഫീസുകളാക്കിയും വാടകക്ക് നൽകുകയാണ്. പാർക്കിംഗ് ഏരിയ ഉൾപ്പെടെയുള്ള രൂപരേഖ തയ്യാറാക്കി നഗരസഭയിൽ നിന്നും നിർമ്മാണ അനുമതി വാങ്ങുന്ന കെട്ടിട ഉടമകൾ പിന്നീടാണ് പാർക്കിംഗ് ഏരിയയും കടമുറികളാക്കുന്നത്.
ബഹുനില കെട്ടിടങ്ങളിൽ ഭൂരിഭാഗവും അടിവശം പാർക്കിംഗ് ഏരിയായി കാണിച്ചാണ് നഗരസഭയിൽ നിന്നും നിർമ്മാണാനുമതി സമ്പാദിക്കുന്നത്. പിന്നീടാണ് ചട്ടം ലംഘിക്കുന്നത്. നിരവധി ഓഡിറ്റോറിയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് ജംഗ്ഷനിൽ ഒഴിവു ദിനമൊഴികെ വൻ ഗതാഗതക്കുരുക്കാണ്.
കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച രണ്ട് ധനകാര്യ സ്ഥാപനങ്ങൾ നാലു നില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ മുഴുവനായി ഓഫീസ് മുറിയാക്കിയിരിക്കുകയാണ്.
#അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ല
എം.എൽ.എ ഓഫീസിലേക്കും ബി.എസ്.എൻ.എൽ ഓഫീസിലേക്കും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ പലപ്പോഴും വാഹനക്കുരുക്കാണ്. ഇതിനിടയിലാണ് പാർക്കിംഗ് ഏരിയയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങളും നിരത്ത് കൈയ്യടക്കാൻ പോകുന്നത്. കെട്ടിട നിർമ്മാണം പുരോഗമിക്കുമ്പോൾ പ്രദേശവാസികൾ വിഷയം എം.എൽ.എയുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
#ചട്ടലംഘനം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ
ഗതാഗതക്കുരുക്ക് കൊണ്ട് നട്ടം തിരിയുന്ന നഗരത്തിൽ പാർക്കിംഗ് സൗകര്യം ഒഴിവാക്കി കെട്ടിടങ്ങൾ ഉയരുന്നതിനെതിരെ പരാതി പറഞ്ഞാൽ നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ചട്ടലംഘനം നടക്കുന്നത്.