കൊച്ചി:മനഃസമാധാനം തേടിയാണ് താൻ നാട്ടിൽ നിന്ന് മാറിനിന്നതെന്ന് സി.ഐ വി.എസ്. നവാസ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പറയാനുള്ളതെല്ലാം മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. കുറേക്കാലമായി യാന്ത്രികമായി ജീവിക്കുന്നു. ഏകാന്തത ആവശ്യമാണെന്ന് തോന്നിയതിനാലാണ് മാറി നിന്നത്. എന്റെ ആത്മാവിന് കുറച്ച് ഭക്ഷണം വേണമായിരുന്നു. മദ്യത്തിലും മയക്കുമരുന്നിലും ആശ്രയം കണ്ടെത്താനാകില്ല. വീട്ടിൽ നിന്നിറങ്ങി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ സ്വയം ഇല്ലാതാവില്ലെന്ന തീരുമാനം എടുത്തിരുന്നു. രാമേശ്വരം വരെ പോയി. രാമനാഥപുരത്തെ ഗുരുവിനെ കണ്ടു. അവിടെ നിന്നു മടങ്ങുമ്പോൾ വാർത്ത കണ്ടു. ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്തു. അപ്പോൾത്തന്നെ തിരികെ വന്നു. സ്‌നേഹിക്കുന്നവർക്ക് ഒരുപാട് വിഷമമുണ്ടാക്കിയെന്ന് അറിഞ്ഞപ്പോൾ കിട്ടിയ വണ്ടി പിടിച്ചു തിരികെ പോന്നു. അതിനിടെയാണ് കോയമ്പത്തൂരിൽ വച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ തിരിച്ചറിയുന്നത്. പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചതിൽ സങ്കടമുണ്ട്. സമൂഹം നൽകിയ പിന്തുണയ്ക്കുള്ള കൃതജ്ഞത പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കും. താൻ കൊടുത്തതിനേക്കാളേറെ ഈ സമൂഹം ഈ രണ്ടു ദിവസം കൊണ്ട് തിരിച്ചുതന്നു. അതിലേറെ സമൂഹത്തിന് നൽകിയേ സർവീസ് മതിയാക്കൂ. ഒരിക്കലും ഒളിച്ചോടില്ല. വകുപ്പ് നിർദേശിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നും നവാസ് പറഞ്ഞു. ഉണ്ടായ സംഭവങ്ങളിൽ പരസ്യപ്രതികരണത്തിനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അസി.പൊലീസ് കമ്മിഷണർ പി.എസ് സുരേഷുമായി വയർലെസ് സെറ്റിലൂടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതലാണ് നവാസിനെ കാണാതായത്. തമിഴ്‌നാട്ടിലെ കരൂരിൽ നവാസിനെ കണ്ടെത്തി ശനിയാഴ്ച തിരിച്ചെത്തിച്ചു.
സ്ഥലംമാറ്റം നീളും
എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിന്റെ മട്ടാഞ്ചേരിയിലേക്കുള്ള സ്ഥലംമാറ്റം നീളും. തിരോധനം സംബന്ധിച്ച് ഡി.സി.പി ജി.പൂങ്കുഴലി നടത്തുന്ന അന്വേഷണം പൂർത്തിയായ ശേഷമേ സ്ഥലംമാറ്റമുണ്ടാകൂ. വകുപ്പുതല അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്. എ.സി.പിയും സി.ഐയുമായി വയർലെസിലൂടെയുണ്ടായ വാക്കുതർക്കത്തിന്റെ ഡിജിറ്റൽ രേഖകളും വിശദമായി പരിശോധിക്കും.
അന്വേഷണ റിപ്പോർട്ട് നൽകി നിയമപരമായ നടപടിയെടുത്ത ശേഷമാകും ഇനി നവാസിന്റെ സ്ഥലമാറ്റം. പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവുണ്ടാകണം. അതുവരെ കാത്ത് നിൽക്കാൻ നവാസിനോട് നിർദേശിച്ചിട്ടുണ്ട്.
--വിജയ് സാഖറേ
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ