ആലുവ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്കരനെ കാറിടിച്ച് വീഴ്‌ത്തി വെട്ടിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജാസി (33)നെതിരെ ഇന്ന് നടപടിയുണ്ടാകും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും തുടർന്ന് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് 'കേരളകൗമുദി'യോട് പറഞ്ഞു.
വീട് നിർമ്മാണത്തിനെന്ന പേരിൽ കഴിഞ്ഞ ഒമ്പതാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് അവധിയിലായിരുന്നു അജാസ്. 50 ശതമാനം പൊള്ളലേറ്റ അജാസും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം സ്വദേശിയായ ഇയാൾ കാക്കനാട് വാഴക്കാലയിൽ സ്ഥലംവാങ്ങി വീടുവച്ചുകൊണ്ടിരിക്കുകയാണ്. 2018 ജൂലായിലാണ് ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.