കൊച്ചി - ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സി നടപ്പു വർഷത്തെ സേവന പ്രവർത്തനങ്ങൾക്കായി 7.33 കോടി രൂപ ചെലവഴിക്കുമെന്ന് നിയുക്ത ഗവർണർ രാജേഷ് കോളരിക്കൽ പറഞ്ഞു. എറണാകുളം, ഇടുക്കി. ആലപ്പുഴ ജില്ലകളിലായി ലയൺ ബീറ്റ് ഡയബറ്റിക് എന്ന പദ്ധതിയുടെ ഭാഗമായി നൂറു ക്യാമ്പുകൾ നടത്തും. അമൃത ആശുപത്രിയുമായി സഹകരിച്ച് 40 വയസിന് മേൽ പ്രായമുള്ള പ്രമേഹരോഗ ബാധിതർക്ക് സൗജന്യ പരിശോധന, വിദ്യാഭ്യാസ മേഖലയിൽ സ്‌കോളർഷിപ്പ്, ശുദ്ധജല വിതരണം തുടങ്ങി നിരവധി പദ്ധതികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 450 ക്യാബിനറ്റ് മെമ്പർമാരെ പങ്കെടുപ്പിച്ച് നടത്തിയ സേവന പ്രവർത്തനങ്ങൾക്കുള്ള ബഡ്ജറ്റ് യോഗത്തിൽ അവതരിപ്പിച്ചു. വൈസ് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. വി.സി.ജെയിംസ്, ദാസ് മംഗലി വിൻസന്റ് കല്ലറക്കൽ, കുര്യൻ ആന്റണി, ജോസ് മങ്കലി, വി.എസ്.ജയേഷ്, സാജു ജോർജ്ജ്, കെ.വി.മത്തായി, തോമസ് പാറക്കൽ എന്നിവർ സംസാരിച്ചു.