കൊച്ചി: ചെല്ലാനത്ത് കടൽകയറ്റം രൂക്ഷമായി തുടരുമ്പോഴും അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം നിവാസികൾ പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി. തുടർന്ന് നടന്ന മാർച്ച് പൊലീസ് തടഞ്ഞു. ചെല്ലാനത്തുകാരുടെ സുരക്ഷയ്ക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം കളക്ടറുമായി തീരവാസികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജിയോ ബാഗുകളിൽ മണൽ നിറയ്ക്കൽ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. വേളാങ്കണ്ണി, ബസ്സാർ തീരങ്ങളിലാണ് ജിയോ ബാഗ് തടയണ തീർത്ത് കടൽകയറ്റം തടയാൻ ധാരണയായത്. കരാറുകാരൻ നിയോഗിച്ച 15 തൊഴിലാളികളെ കൂടാതെ നൂറോളം നാട്ടുകാരും ബാഗുകളിൽ മണൽ നിറയ്ക്കാനെത്തി. ബസ്സാറിലും, വേളാങ്കണ്ണി ഭാഗങ്ങളിലുമായി രണ്ടായിരം ബാഗുകൾ ആവശ്യമാണെന്നിരിക്കെ 500 ൽ താഴെ ബാഗുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ശക്തമായ കടൽകയറ്റത്തിനു മുന്നിൽ ജിയോ ബാഗുകൾ പ്രായോഗികമല്ലെന്ന് തീരദേശവാസികൾ കളക്ടറെ ബോദ്ധ്യപ്പെടുത്തിയെങ്കിലും താത്കാലിക പരിഹാരം എന്ന നിലയ്ക്കാണ് ജിയോ ബാഗ് നിർദ്ദേശിച്ചിരിക്കുന്നത്. വലിയ ദുരന്തം നേരിടുന്ന ചെല്ലാനം പ്രദേശത്ത് തിരിഞ്ഞുനോക്കാൻ പോലും പഞ്ചായത്ത് ഭരണസമിതിക്കായിട്ടില്ല.