മുളവുകാട് : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മുളവുകാട് ഗ്രാമീണ വിദ്യാഭ്യാസ സമിതി നൽകിയ സ്വീകരണ സമ്മേളനം ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാഷ് അവാർഡും പാരിതോഷകങ്ങളും നൽകി.
ബ്രോഡ്‌വേയിലെ അഗ്‌നിബാധയിൽ രക്ഷാദൗത്യം നിർവഹിച്ച സാബുജോർജ്, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ ഇലക്ട്രിക്കൽ ഓഫീസറായി പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിത ഗ്രാൻസി മാത്യു, കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.കെ.ബി. ദേവിക എന്നിവരെ ആദരിച്ചു. മുളവുകാട്ടെ ആറ് സ്‌കൂളുകളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ചിത്രകാരനായ ബേബി അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ഡി. ആലീസ്, പി.വി. പീറ്റർ, എൻ.എ. മുഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു. ഗായിക സി.കെ. തെന്നൽ പരിപാടിയുടെ കോ ഓർഡിനേറ്ററായിരുന്നു.