കൊച്ചി : നടപടിക്രമം പാലിക്കാതെ വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം.
തിരുവനന്തപുരം ചാല സ്വദേശി എ. സുബൈറിന്റെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിർദേശം. വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി തന്റെ പേരു നീക്കിയെന്നായിരുന്നു പരാതി. പേരു ചേർക്കാൻ സുബൈർ വീണ്ടും അപേക്ഷ നൽകിയാൽ
രണ്ടാഴ്ചയ്ക്കം തീർപ്പുണ്ടാക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ ഹർജിക്കാരൻ പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ താമസക്കാരനായ ഹർജിക്കാരൻ താമസം മാറിയെന്ന ബൂത്ത് ലെവൽ ഒാഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് പേരു നീക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. അതിനു ശേഷം പല ഘട്ടങ്ങളിലായി കരട് പട്ടിക പ്രസിദ്ധീകരിച്ചെന്നും അപ്പോഴൊന്നും പരാതി നൽകിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. പിന്നീടു നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
സുബൈറും കുടംബവും വീട് പുതുക്കിപ്പണിയുന്നതിനാൽ കുറച്ചുനാൾ മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. ഭാര്യയുടെയും മകന്റെയും പേര് പട്ടികയിലുള്ളതിനാൽ, ഹർജിക്കാരന്റെ പേരു നീക്കിയത് ഇക്കാരണത്താലാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പേരു നീക്കുന്നതിനു മുമ്പ് വോട്ടർക്കു പറയാനുള്ളത് കേൾക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫീസർക്ക് കടമയുണ്ട്. ഇതിനു മതിയായ അവസരം നൽകാൻ നിയമവുമുണ്ട്. കരട് പട്ടിക പരിശോധിച്ച് ഹർജിക്കാരൻ സമയബന്ധിതമായി അപേക്ഷ നൽകിയില്ല എന്നത് പട്ടികയിൽ നിന്ന് പേരു നീക്കിയതിന് ന്യായീകരണമല്ലെന്ന് കോടതി കുറ്റപ്പെടുത്തി.