കൊച്ചി : നിർമ്മാണത്തകരാർമൂലം അടച്ച പാലാരിവട്ടം ഫ്ളൈ ഓവർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും കാൺപൂർ എെ.എെ.ടി യിലെ കോൺക്രീറ്റ് വിദഗ്ദ്ധൻ ഡോ. മഹേഷ് ടാണ്ടനും പരിശോധിച്ചു.. ഇന്നലെ രാവിലെ എട്ടിന് പാലത്തിന്റെ അടിഭാഗത്തു നിന്നാരംഭിച്ച പരിശോധന സാമ്പിളുകൾ ശേഖരിച്ചും വിദഗ്ദ്ധരുമായും സംവദിച്ചും പത്തുമണി വരെ നീണ്ടു. ചെന്നെെ എെ.എെ.ടി യിലെ സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധൻ ഡോ.പി. അളകസുന്ദരമൂർത്തി, സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിഅംഗങ്ങളായ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക്‌കുമാർ, ബ്രിഡ്‌ജസ് വിഭാഗം ചീഫ് എൻജിനീയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനീയർ ജീവൻരാജ് എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു .പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ദ്ധനാണ് അളകസുന്ദരമൂർത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന. പരിശോധനകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികളിലൂടെ പാലം എത്രത്തോളം ബലപ്പെടുത്താൻ കഴിയുമെന്ന് സംഘം വിലയിരുത്തി. പാലത്തിന്റെ കൂടുതൽ സാമ്പിളുകൾ പരിശോധിച്ചശേഷം ശ്രീധരനും സംഘവും ഈയാഴ്ചതന്നെ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും.
അറ്റകുറ്റ പണികൾകൊണ്ട് ശാശ്വത പരിഹാരമുണ്ടാകില്ലെന്നും പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും നേരത്തെശ്രീധരൻഅഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നിർമ്മാണ കമ്പനിയായ ആർഡിഎസ് കൺസ്ട്രഷൻസിന്റെ ഒാഫീസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഫോറൻസിക് വിദഗ്ദ്ധർക്ക് അയക്കാൻ വിജിലൻസ് തീരുമാനിച്ചു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്.